ബുർഖ ധരിച്ചെത്തി തുണിക്കടയില്‍ വെച്ച് ഭർത്താവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച ഭാര്യ അറസ്റ്റില്‍
മംഗളൂരു: ബുർഖ ധരിച്ചെത്തി തുണിക്കടയില്‍ വെച്ച് ഭർത്താവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച ഭാര്യ അറസ്റ്റില്‍. ബി.സി. റോഡിലെ ജ്യോതി സോമയാജി (30)യെയാണ് ബണ്ട്വാള്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. ബി.സി.റോഡിലെ സോമയാജി ടെക്സ്റ്റൈല്‍സ് ഉടമ കൃഷ്ണകുമാറിനാണ് (38) ഗുരുതരമായി കുത്തേറ്റത്.ബുർഖ ധരിച്ച് ആളെ തിരിച്ചറിയാത്ത രൂപത്തിലാണ് ജ്യോതി തുണിക്കടയില്‍ എത്തിയത്. കാഷ് കൗണ്ടറില്‍ ഇരിക്കുകയായിരുന്ന കൃഷ്ണകുമാറിന്റെ കഴുത്തില്‍ അവർ കത്തികൊണ്ട് കുത്തുകയായിരുന്നു. കൃഷ്ണകുമാറിന്റെ നിലവിളി കേട്ട് ജീവനക്കാർ ഓടിക്കൂടിയതോടെ ജ്യോതി കടയില്‍ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
തുടർന്ന് ജീവനക്കാരും നാട്ടുകാരും ചേർന്ന് പിന്തുടർന്ന് പിടികൂടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് ജ്യോതിയെ അറസ്റ്റ് ചെയ്തു. കൃഷ്ണകുമാറും ജ്യോതിയും കുറച്ചുകാലമായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഇവരുടെ ദാമ്ബത്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് നിലവിലുണ്ട്. ഈ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു
