Latestദേശീയം

വിവാഹദിനത്തില്‍ സഹോദരിമാരായ യുവതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

വിവാഹദിനത്തില്‍ സഹോദരിമാരായ രണ്ട് യുവതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി.രാജസ്ഥാനിലെ മനായ് സ്വദേശികളായ ശോഭ (25), വിമല (23) എന്നിവരാണ് മരിച്ചത്.ശനിയാഴ്ച വിവാഹം നടക്കാനിരിക്കെ പുലർച്ചെ നാലുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്.

വെള്ളിയാഴ്ച രാത്രി വൈകുംവരെ രണ്ടുപേരും വിവാഹാഘോഷത്തില്‍ സജീവമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. രാത്രി വൈകുംവരെ വീട്ടില്‍ ആഘോഷപരിപാടികളുണ്ടായിരുന്നു. ഇതിനുശേഷം അർധരാത്രിയോടെയാണ് രണ്ടുപേരും ഉറങ്ങാൻപോയത്. തുടർന്ന് ശനിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് ഇരുവരെയും ബന്ധുക്കള്‍ അവശനിലയില്‍ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു.

അതേസമയം, മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ബന്ധുക്കള്‍ യുവതികളുടെ മൃതദേഹങ്ങളുമായി വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നാലെ സംസ്‌കാരചടങ്ങിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. ഇതിനിടെയാണ് പോലീസ് സംഭവമറിഞ്ഞത്. തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും സംസ്‌കാരചടങ്ങുകള്‍ നിർത്തിവെയ്ക്കുകയുംചെയ്തു. പിന്നീട് പോസ്റ്റ്‌മോർട്ടം നടത്തിയശേഷമാണ് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.

രണ്ടുപേരും മരിച്ചത് വിഷം കഴിച്ചാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ ഇതില്‍ വ്യക്തതവരികയുള്ളൂവെന്നും യുവതികളുടെ മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.