യുഎസിൽ സ്ഫോടകവസ്തു നിർമാണ കേന്ദ്രത്തിൽ വൻ സ്ഫോടനം; നിരവധി പേർ മരിച്ചു
വാഷിങ്ടൺ: യുഎസിൽ സ്ഫോടകവസ്തുനിർമാണ പ്ലാന്റിലുണ്ടായ വൻ സ്ഫോടനത്തിൽ ഒട്ടേറെപ്പേർ മരിക്കുകയും ചിലരെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ട്. ടെന്നസിയിലെ ഹിക്ക്മാൻ കൗണ്ടിയിലെ അക്യുറേറ്റ് എനർജറ്റിക് സിസ്റ്റത്തിലാണ് സ്ഫോടനമുണ്ടായത്. മരിച്ചവരുടെയും കാണാതായവരുടെയും കൃത്യമായ കണക്കുകൾ ലഭ്യമായിട്ടില്ലെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.
പ്ളാൻറിന് സമീപപ്രദേശങ്ങളിൽനിന്ന് ജനങ്ങളെ ഒഴിവാക്കി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സ്ഫോടനസ്ഥലത്ത് തകർന്ന കെട്ടിടാവശിഷ്ടങ്ങളും കത്തിനശിച്ചതും തകർന്നതുമായ വാഹനങ്ങളും ചിതറിക്കിടക്കുന്നതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സ്ഫോടനങ്ങൾ തുടരുന്നതിനാൽ സ്ഥലത്തേക്ക് പ്രവേശിക്കാൻ തടസ്സങ്ങൾ നേരിടുന്നതായി രക്ഷാപ്രവർത്തകർ എഎഫ്പിയോട് പറഞ്ഞു. വലിയ ശബ്ദം കേട്ടതായി പരിസരവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. നാഷ്‌വില്ലിൽ നിന്ന് ഏകദേശം 90 കിലോമീറ്റർ അകലെയാണ് നിർമാണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
സ്ഫോടനവുമായി ബന്ധപ്പെട്ട് പ്ളാൻറ് അധികൃതർ പ്രതികരിച്ചിട്ടില്ല. യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസിനും യുഎസ് വ്യാവസായിക വിപണികൾക്കുംവേണ്ട വിവിധ സ്ഫോടകവസ്തുക്കളും അനുബന്ധ ഉത്‌പന്നങ്ങളും നിർമിക്കുന്ന സ്ഥാപനമാണിത്.
