തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഓർമപ്പെടുത്തി ഇന്ന് മെയ് ഒന്ന്

ചരിത്രപ്രസിദ്ധമായ തൊഴിലാളിവര്‍ഗ്ഗ മുന്നേറ്റത്തിന്റെ ഓർമ പുതുക്കലാണ് മെയ് ഒന്ന്. ത്യാഗവും സഹനവും ക്ലേശവും നിറഞ്ഞ തൊഴിലാളികളുടെ സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും സമര്‍പ്പണത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ചരിത്രം മെയ്ദിനം മുന്നോട്ട് വെക്കുന്നുണ്ട്. മെയ് ദിനം ആഘോഷങ്ങളുടെ മാത്രം ദിനമല്ല. വരാന്‍ പോകുന്ന ശക്തവും തീവ്രവുമായ സമരങ്ങളിലേക്കുള്ള മുന്നൊരുക്കത്തിന് ഊര്‍ജ്ജം പകരുന്ന ദിനാചരണം കൂടിയാണ്.

തൊഴിലാളി വര്‍ഗത്തിന്റെ നേട്ടങ്ങള്‍ ആഘോഷിക്കുന്നതിനായി എല്ലാ വര്‍ഷവും മെയ് ആദ്യ ദിവസം തൊഴിലാളി ദിനം അല്ലെങ്കില്‍ അന്താരാഷ്ട്ര തൊഴിലാളി ദിനം ആചരിക്കുന്നു. മെയ് ദിനം എന്നും അറിയപ്പെടുന്ന ഈ ദിവസം പല രാജ്യങ്ങളിലും പൊതു അവധി ദിനമായും ആചരിക്കുന്നു. ഇന്ത്യയിലും തൊഴിലാളി ദിനം പൊതു അവധിയാണ്, അത് അന്തരാഷ്ട്ര ശ്രമിക് ദിവസ് (അന്താരാഷ്ട്ര തൊഴിലാളി ദിനം) ആയി ആഘോഷിക്കപ്പെടുന്നു.