Latestകേരളം

മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവ്; സനൂപിന് കൈത്താങ്ങായി കൃത്രിമക്കണ്ണുകള്‍

മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് കാഴ്ച നഷ്ടപ്പെട്ട തൃക്കൂർ മുളങ്ങാട്ടുപറമ്പില്‍ സനൂപിന് ആശ്വാസമായി കൃത്രിമക്കണ്ണുകള്‍ വെച്ചു.കോവൈ അരവിന്ദ് ആശുപത്രിയില്‍ തിങ്കളാഴ്ചയാണ് താത്കാലിക കൃത്രിമക്കണ്ണുകള്‍ വെച്ചുപിടിപ്പിച്ചത്. മുട്ടുവേദനയ്ക്ക് ചികിത്സ തേടി തൃശ്ശൂർ ഗവ. മെഡിക്കല്‍ കോളേജിലെത്തിയ സനൂപിന്റെ കാഴ്ച നഷ്ടപ്പെട്ടത് വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരുന്നു.

പുതിയ കണ്ണുകള്‍ വെച്ചതിലൂടെ കാഴ്ച തിരിച്ചുലഭിക്കില്ലെങ്കിലും, സ്മാർട്ട് കണ്ണടയുടെ സഹായത്തോടെയും കേള്‍വിശക്തി ഉപയോഗിച്ചും ദൈനംദിന കാര്യങ്ങള്‍ ചെയ്യാൻ സനൂപിന് പരിശീലനം നല്‍കും. കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലിനെത്തുടർന്നാണ് സനൂപിനെ വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയത്. സനൂപിന്റെ തുടർചികിത്സയ്ക്കായി കെ.സി. വേണുഗോപാല്‍ എം.പി. അനുവദിച്ച ഒരു ലക്ഷം രൂപ കഴിഞ്ഞ ദിവസം എ.ഐ.സി.സി. സെക്രട്ടറി ടി.എൻ. പ്രതാപൻ വീട്ടിലെത്തി കൈമാറിയിരുന്നു.