പാരസെറ്റമോളിന്റെ പത്ത് ബാച്ചുകൾക്ക് വിലക്ക്
കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി സർക്കാർ ആശുപത്രികളിൽ നൽകുന്ന പാരസെറ്റമോൾ, പാന്റപ്രസോൾ ഗുളികകളുടെ വിതരണം നിർത്തി. നിലവാരമില്ലെന്ന പരാതികളെ തുടർന്നാണ് പാരസെറ്റമോൾ -പത്ത്, പാന്റപ്രസോൾ -മൂന്ന് ബാച്ചുകളുടെ വിതരണം നിർത്തിയത്.
സാമ്പിളുകൾ പരിശോധനക്കായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ ലബോറട്ടറിലേക്ക് അയച്ചിട്ടുണ്ട്. ഒരു ബാച്ചിൽ അഞ്ച് ലക്ഷം ഗുളികകൾ ഉണ്ടാകുമെന്നത് കണക്കിൽ എടുക്കുമ്പോൾ 65 ലക്ഷം ഗുളികകളുടെ വിതരണമാണ് മരവിപ്പിച്ചത്. ആശുപത്രികളിൽ വിതരണത്തിന് എത്തിച്ച പാരസെറ്റമോൾ അതത് സംഭരണ കേന്ദ്രങ്ങളിൽ തന്നെ സൂക്ഷിക്കാനാണ് നിർദേശം. പരിശോധന ഫലം ലഭിച്ചതിന് ശേഷമേ പ്രസ്തുത ഗുളികകളുടെ വിതരണം പുനരാരംഭിക്കൂ.