ആർത്തവവേദനക്ക് മെഫ്‌റ്റാൽ; നിരന്തര ഉപയോഗം ഡ്രസ് സിൻഡ്രോമിന് കാരണമാകും.. മുന്നറിയിപ്പുമായി സർക്കാർ
കഠിനമായ ആർത്തവ വേദന മറികടക്കാൻ പലരും കഴിക്കുന്ന വേദനസംഹാരികളിൽ ഒന്നാണ് മെഫ്‌റ്റാൽ സ്പാസ്. എന്നാൽ മെഫ്‌റ്റാൽ സ്പാസിന്റെ അധിക ഉപയോഗം ഡ്രസ് സിൻഡ്രോം എന്ന അവസ്ഥയ്‌ക്ക് കാരണമാകുമെന്നാണ് ഇന്ത്യൻ ഫാർമകോപീയ കമ്മീഷൻ മുന്നറിയിപ്പ് നൽകുന്നത്.
അതിനാൽ ഇതിന്റെ ഉപയോഗത്തിൽ കരുതൽ വേണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ഡ്രഗ് റാഷ് വിത്ത് ഈസ്‌നോഫീലിയ ആൻ സിസ്റ്റമിക് സിംപ്‌റ്റംസ് എന്നതിനെയാണ് ഡ്രസ് സിൻഡ്രോം എന്ന് വിളിക്കുന്നത്.
പലവിധ മരുന്നുകളുടെയും ഉപയോഗം കൊണ്ട് ഡ്രസ് സിൻഡ്രോം എന്ന അവസ്ഥ ഉണ്ടാകാം. ഗുരുതരമായ അലർജിക് റിയാക്ഷനാണ് ഇത്. പനി, ചർമ്മത്തിൽ ചൊറിച്ചിൽ, ആന്തരിക അവയവങ്ങളെ ബാധിക്കുന്ന തരത്തിലും ലക്ഷണങ്ങൾ പ്രകടമാകാം. ഇത്തരത്തിൽ ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ വൈദ്യസഹായം തേടണമെന്നും ഐപിസി മുന്നറിയിപ്പിൽ പറയുന്നു.
കൂടാതെ ദഹനക്കുറവ്, മറ്റ് ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഉള്ളവരിൽ മെഫ്റ്റാല്‍ കഴിക്കുന്നത് സ്ഥിതി വഷളാക്കും. ദീർഘനാൾ മെഫ്റ്റാൽ ഉപയോഗിക്കുന്നത് വയറിൽ അൾസറും ചികിത്സിച്ചില്ലെങ്കിൽ അത് കാൻസറാകാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.
ഹൃദ്രോഗസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരും ഇത് ഒഴിവാക്കുന്നതാണ് നല്ലത്. ആര്‍ത്തവ വേദന കൂടാതെ റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് വേദനക്കും ഇവ കഴിക്കാറുണ്ട്. വയറിളക്കം, ക്ഷീണം, കൈകാലുകളില്‍ നീര്, ചൊറിച്ചില്‍, മൂത്രമൊഴിക്കുമ്പോള്‍ വേദന, ഓക്കാനം, മലത്തില്‍ രക്തം, കണ്ണിലും ചര്‍മത്തിലും മഞ്ഞനിറം തുടങ്ങിയവ മെഫ്റ്റാലിന്റെ പ്രധാന അനന്തരഫലങ്ങളാണ്.