മെസ്സിയുടെ സഹോദരിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്
ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ സഹോദരി മരിയ സോള്‍ മെസ്സിക്ക് മയാമിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു.ഇതേത്തുടർന്ന് ജനുവരി ആദ്യവാരം നിശ്ചയിച്ചിരുന്ന മരിയയുടെ വിവാഹം മാറ്റിവെച്ചതായി അർജന്റീനിയൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
മരിയ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായത്. 32-കാരിയായ മരിയയുടെ പരിക്കുകള്‍ സങ്കീർണ്ണമാണെന്നാണ് പുറത്തുവരുന്ന വിവരം. നട്ടെല്ലിന് ഒടിവും ശരീരത്തില്‍ പൊള്ളലുമേറ്റു. കൂടാതെ കൈത്തണ്ടയ്ക്കും ഉപ്പൂറ്റിക്കും ഒടിവുകളുണ്ട്.
നിലവില്‍ മരിയ അപകടനില തരണം ചെയ്തിട്ടുണ്ടെങ്കിലും, പൂർണ്ണ ആരോഗ്യവതിയാകാൻ ദീർഘനാളത്തെ ചികിത്സയും വിശ്രമവും ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ഇന്റർ മയാമിയുടെ അണ്ടർ-19 ടീം കോച്ചിംഗ് സ്റ്റാഫ് അംഗമായ ജൂലിൻ തുലിയുമായുള്ള മരിയയുടെ വിവാഹം ജനുവരി മൂന്നിന് അർജന്റീനയിലെ റൊസാരിയോയില്‍ വെച്ച് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. മെസ്സിയുടെയും അന്റോണെല്ലയുടെയും വിവാഹം നടന്ന അതേ സ്ഥലത്തായിരുന്നു ചടങ്ങുകള്‍ പ്ലാൻ ചെയ്തിരുന്നത്. സഹോദരിയുടെ ചികിത്സയ്ക്കായി മെസ്സിയും കുടുംബവും നിലവില്‍ മയാമിയിലുണ്ട്.
