മന്ത്രിമാരുടെ ഓഫീസിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാൻ 2.53 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: മന്ത്രിമാരുടെ ഓഫീസിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, വി. ശിവന്‍ കുട്ടി, വീണ ജോര്‍ജ്, ആര്‍. ബിന്ദു, ജെ. ചിഞ്ചുറാണി, പി. പ്രസാദ് എന്നിവരുടെ ഓഫീസിന്റെ സുരക്ഷയാണ് വര്‍ദ്ധിപ്പിക്കുന്നത്. സെക്രട്ടേറിയറ്റ് അനക്‌സ് -2 വിലാണ് ഈ മന്ത്രിമാരുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത്.
അനക്‌സ് – 2 വില്‍ ഒന്നാം നിലയിലാണ് കൃഷി മന്ത്രി പി. പ്രസാദിന്റെ ഓഫിസ്. രണ്ടാം നിലയില്‍ ശിവന്‍ കുട്ടിയുടേയും മൂന്നാം നിലയില്‍ ആര്‍. ബിന്ദുവിന്റേയും ഓഫിസ് സ്ഥിതി ചെയ്യുന്നു. ആറാം നിലയിലാണ് ജെ. ചിഞ്ചുറാണിയുടേയും മുഹമ്മദ് റിയാസിന്റേയും ഓഫിസ്.
റിയാസിന്റെ ഓഫിസിന്റെ തൊട്ട് മുകളില്‍ ഏഴാം നിലയില്‍ ആണ് വീണ ജോര്‍ജിന്റെ ഓഫിസ്. അനക്‌സ് -2 വിലെ സുരക്ഷ സംവിധാനം ശക്തിപ്പെടുത്താന്‍ പുതിയ സി.സി.റ്റി.വി സ്ഥാപിച്ചു. 2.53 കോടിയാണ് ചെലവ്. കൊച്ചിയിലെ ഇന്‍ഫോകോം എന്ന സ്ഥാപനമാണ് സി.സി.റ്റി.വി. സ്ഥാപിച്ചത്. നിര്‍മ്മാണ ചെലവായ 2.53 കോടി രൂപ കമ്പനിക്ക് അനുവദിച്ച് പൊതുഭരണ വകുപ്പില്‍ നിന്ന് ഉത്തരവിറങ്ങി.