ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ വിവേചനം നേരിടുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ വിവേചനം നേരിടുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. രാജ്യത്ത് ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനമില്ല. ഇത്തരം ചോദ്യങ്ങൾക്ക് തന്നെ പ്രസക്തിയില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. വൈറ്റ് ഹൗസിൽ സംയുക്ത പ്രസ്താവനയ്ക്കിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മോദി.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ എന്ത് നടപടികളാണ് സ്വീകരിക്കുന്നത് എന്നതായിരുന്നു ചോദ്യം. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും ജനാധിപത്യത്തിൽ വിവേചനത്തിന് സ്ഥാനമില്ലെന്നും മോദി മറുപടി നൽകി. ജനാധിപത്യം ഡിഎൻഎയിൽ അലിഞ്ഞു ചേർന്നിട്ടുള്ള രാജ്യങ്ങളാണ് ഇന്ത്യയും അമേരിക്കയെന്നും മോദി കൂട്ടിച്ചേർത്തു.

“ജനാധിപത്യം നമ്മുടെ ആത്മാവാണ്, നമ്മൾ അതിൽ ജീവിക്കുന്നു. നമ്മുടെ പൂർവ്വികർ അത് ഭരണഘടനയുടെ രൂപത്തിൽ കുറിച്ചുവച്ചിട്ടുണ്ട്. ജനാധിപത്യം ഉറപ്പുവരുത്താൻ കഴിയുമെന്ന് നമ്മുടെ ഗവൺമെന്റും തെളിയിച്ചിട്ടുള്ളതാണ്. ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിലുള്ള ഒരു വിവേചനത്തിനും ജനാധിപത്യത്തിൽ സ്ഥാനമില്ല” – മോദി പറഞ്ഞു.