എം എസ് സ്വാമിനാഥന്റെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് ഡോ. മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥന്റെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാമിനാഥൻ രാജ്യത്തിൻറെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. കാർഷിക മേഖലയ്ക്ക് സ്വാമിനാഥൻ നൽകിയ സംഭാവന, ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മാറ്റിമറിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ പരിസ്ഥിതിക്ക് ഇണങ്ങുന്ന അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങൾ വികസിപ്പിച്ചെടുക്കുകയും കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്ത സ്വാമിനാഥൻ ഇന്ത്യയെ കാർഷിക സ്വയംപര്യാപ്തതയിലേക്കു നയിക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചത്. രാജ്യം അദ്ദേഹത്തെ പത്മവിഭൂഷൺ, പത്മശ്രീ, പത്മഭൂഷൺ എന്നിവ നൽകി ആദരിച്ചിട്ടുണ്ട്. റമൺ മാഗ്‌സസെ അവാർഡ്, പ്രഥമ ലോക ഭക്ഷ്യ സമ്മാനം, ബോർലോഗ് തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.