മോക്ക ചുഴലിക്കാറ്റ് വരുന്നു,കേരളത്തില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ന്യൂനമർദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായേക്കും. ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ ‘മോക്ക’ എന്നായിരിക്കും പേര്. ന്യൂനമർദ സ്വാധീനം കാരണം കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ശനിയാഴ്ച തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപംകൊള്ളാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്താൽ ഞായറാഴ്ച ന്യൂനമർദം രൂപപ്പെടും. ഇത് തിങ്കളാഴ്ചയോടെ ശക്തി പ്രാപിക്കും. ഇത് വീണ്ടും ശക്തിയാർജിച്ച് ചുഴലിക്കാറ്റായി വടക്കോട്ട് സഞ്ചരിച്ച് ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ചുഴലിക്കാറ്റിന് ‘മോക്ക’ എന്ന പേര് നിർദേശിച്ചത് യെമെനാണ്. യെമെനിലെ തുറമുഖ നഗരമാണ് മോക്ക. കാപ്പി കച്ചവടത്തിന് പേരുകേട്ട തുറമുഖമായിരുന്നു ഇത്. പ്രശസ്തമായ മോക്ക കോഫിക്ക് ആ പേര് കിട്ടിയത് ഈ നഗരത്തിൽ നിന്നാണ്.