Latestകേരളം

മൂലമറ്റം പവര്‍ഹൗസ് ഷട്ട് ഡൗണ്‍ ചെയ്തു: പ്രഷര്‍ ടണലില്‍ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കി KSEB ഉദ്യോഗസ്ഥര്‍

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മൂലമറ്റം ഭൂഗർഭ പവർഹൗസ് പൂർണ്ണമായും ഷട്ട് ഡൗണ്‍ ചെയ്തുള്ള അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നു.7.01 മീറ്റർ വ്യാസമുള്ള ഈ പ്രധാന ടണലും അണക്കെട്ടില്‍ നിന്നുള്ള ഷട്ടർ സംവിധാനവും കെ.എസ്.ഇ.ബി.യുടെ (KSEB) ഡാം സേഫ്റ്റി വിഭാഗമാണ് വിശദമായി പരിശോധിച്ചത്. പരിശോധനാ സംഘം, ടണലിലേക്ക് പ്രവേശിക്കാനുള്ള കവാടം വഴി ഏകദേശം ഒന്നര കിലോമീറ്ററോളം ഉള്ളിലേക്ക് നടന്ന് ചെന്നാണ് ടണലിന്റെ സുരക്ഷാ നില വിലയിരുത്തിയത്.

ഓക്സിജന്റെ അളവ് കുറവായ ഈ ടണലിനുള്ളില്‍ പ്രത്യേക സുരക്ഷാ മുൻകരുതലുകള്‍ എടുത്താണ് പരിശോധന പൂർത്തിയാക്കിയത്. ആശയവിനിമയം തടസ്സപ്പെടാതിരിക്കാൻ ചെറുതോണിയിലെ ഹാം റേഡിയോ സേവനം ഉപയോഗപ്പെടുത്തി. ഹാം റേഡിയോ ലൈസൻസുള്ള ശ്രീ. മനോജ് ആണ് ഇതിനായുള്ള റേഡിയോ സെറ്റ് ഒരുക്കി നല്‍കിയത്.

അതിസാഹസികമായ ഈ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത് ഡാം സേഫ്റ്റി വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീമതി സൈന.എസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. ജൂണ്‍ ജോയ്, അസിസ്റ്റന്റ് എഞ്ചിനീയർമാരായ ശ്രീ. രാഹുല്‍ രാജശേഖരൻ, ശ്രീ. ജയപ്രകാശ്, ശ്രീ. ബൈജു എം.ബി എന്നിവരാണിവർ.ടണലിനുള്ളില്‍ പ്രവേശിച്ച്‌ പരിശോധന പൂർത്തിയാക്കിയ ഡാം സേഫ്റ്റി വിഭാഗത്തിലെ മുഴുവൻ ടീം അംഗങ്ങളെയും മന്ത്രി കൃഷ്ണൻകുട്ടി അഭിനന്ദിച്ചു.പദ്ധതിയുടെ ജീവനാഡിയായ പെൻസ്റ്റോക്കിലെയും പ്രഷർ ടണലിലെയും ജലം പൂർണ്ണമായി നീക്കം ചെയ്തതിന് ശേഷം പ്രധാന പരിശോധന വിജയകരമായി പൂർത്തിയാക്കിയതായി മന്ത്രി കൃഷ്ണൻകുട്ടി അറിയിച്ചു.