മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തില്‍ എലികള്‍
മധ്യപ്രദേശിലെ സർക്കാർ ആശുപത്രികളുടെ ശോച്യാവസ്ഥ വെളിപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. സത്‌ന ജില്ലാ ആശുപത്രിയിലെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തില്‍ എലികള്‍ സ്വൈര്യവിഹാരം നടത്തുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.ജബല്‍പൂരിലെ വിക്ടോറിയ ആശുപത്രിയില്‍ രോഗികളുടെ കിടക്കകള്‍ക്ക് മുകളിലൂടെ എലികള്‍ ഓടുന്ന വീഡിയോ വൈറലായതിന് തൊട്ടുപിന്നാലെയാണ് സത്‌നയില്‍ നിന്നും സമാനമായ വാർത്ത പുറത്തുവരുന്നത്.
സത്‌ന ജില്ലാ ആശുപത്രിയിലെ അതീവ ജാഗ്രത വേണ്ട എസ്.എൻ.സി.യു (SNCU) വാർഡിനുള്ളില്‍ എലികള്‍ ഓടിനടക്കുന്ന വീഡിയോ അത്യന്തം ആശങ്കപ്പെടുത്തുന്നതാണ്. കുഞ്ഞുങ്ങളുടെ സുരക്ഷയെയും ആശുപത്രിയിലെ ശുചിത്വത്തെയും കുറിച്ച് വലിയ ആശങ്കയാണ് ഈ ദൃശ്യങ്ങള്‍ ഉയർത്തുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുൻപ് ഇൻഡോറിലെ എം.വൈ ആശുപത്രിയില്‍ എലിയുടെ കടിയേറ്റ് രണ്ട് നവജാതശിശുക്കള്‍ മരിച്ച സംഭവം വലിയ വിവാദമായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിഡിയോയില്‍, എലികള്‍, ആശുപത്രി ഉപകരണങ്ങള്‍ക്കിടയിലൂടെ സ്വതന്ത്രമായി ഓടുന്നത് കാണാം. ഒരു എലി കമ്ബ്യൂട്ടർ മോണിറ്ററിന് താഴെ നിന്ന് എന്തോ കഴിക്കുന്നതും വീഡിയോയിലുണ്ട്. നവജാതശിശുക്കള്‍ക്ക് അണുബാധ ഏല്‍ക്കാതിരിക്കാൻ ഏറ്റവും കൂടുതല്‍ ശുചിത്വം പാലിക്കേണ്ട ഇടമാണ് എസ്.എൻ.സി.യു. അവിടെ എലികളെ കണ്ടത് ആശുപത്രി ഭരണകൂടത്തിന്റെ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. എലികള്‍ കുഞ്ഞുങ്ങളെ കടിക്കാനോ മാരകമായ രോഗങ്ങള്‍ പടർത്താനോ ഉള്ള സാധ്യത വളരെ കൂടുതലാണ്.
