കേരള നിയമസഭാ അവാർഡ് എംടി വാസുദേവൻ നായർക്ക്.

കേരള നിയമസഭാ അവാർഡ് എംടി വാസുദേവൻ നായർക്ക്. കല, സാഹിത്യം, സാംസ്കാരികം തുടങ്ങിയ മേഖലകളിൽ സമഗ്ര സംഭാവന നൽകിയ വ്യക്തിക്കാണ് അവാർഡ് നൽകുന്നത്. അശോകൻ ചരുവിൽ, പ്രിയ കെ നായര്‍, നിയമസഭാ സെക്രട്ടറി എഎം ബഷീർ എന്നിവർ അംഗങ്ങളായ ജൂറി പാനലാണ് അവാർഡ് ജേതാവിനെ തീരുമാനിച്ചത്. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കും. നവംബര്‍ 1 മുതൽ 7 വരെ നിയമസഭാ സമുച്ചയത്തിലാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. ഉദ്‌ഘാടനം നവംബർ 2ന് ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ മുഖ്യമന്ത്രി നിർവഹിക്കും. രണ്ടാം പതിപ്പ് കൂടുതൽ മികവോടെ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് നിയമസഭാ സ്പീക്കർ എഎൻ ഷംസീർ അറിയിച്ചു. പുസ്തകോത്സവത്തിന്റെ ആദ്യ ദിനമായ നവംബർ ഒന്നിന് നൊബേൽ സമ്മാന ജേതാവായ കൈലാഷ് സത്യാർത്ഥി പങ്കെടുക്കും.