ബഹുസംസ്ഥാന സഹ.സംഘം ഭേദഗതി ബില്‍ ഈയാഴ്ച പരിഗണിച്ചേക്കും; കേന്ദ്ര ഇടപെടലിന് വ്യവസ്ഥകള്‍

ന്യൂഡല്‍ഹി: വിവാദവ്യവസ്ഥകളടങ്ങിയ ബഹുസംസ്ഥാന സഹകരണസംഘം(ഭേദഗതി) ബില്‍ ഈയാഴ്ച ലോക്സഭ പരിഗണിച്ചേക്കും. പ്രതിപക്ഷ പാർട്ടികളുടെ കടുത്ത എതിർപ്പ് നിലനിൽക്കെയാണ് ഒന്നിലധികം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളെ നിയന്ത്രിക്കാൻ ഭേദഗതി നടപ്പിലാക്കാൻ പോകുന്നത്.

ബഹുസംസ്ഥാന സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിനും ശക്തമാക്കുന്നതിനും വേണ്ടിയാണ് ഭേദഗതി കൊണ്ടുവരുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിൻ്റെ വാദം. കേന്ദ്രം നിശ്ചയിക്കുന്ന വരുമാനപരിധിയില്‍ വാര്‍ഷികലാഭമോ നിക്ഷേപമോ ഉള്ള ബഹുസംസ്ഥാന സഹകരണസംഘങ്ങളില്‍ കൺകറന്‍റ് ഓഡിറ്റ് ഏര്‍പ്പെടുത്താനും ബില്‍വ്യവസ്ഥ ചെയ്യുന്നുണ്ട്.

2002 മുതല്‍ നിലവിലുള്ള ബഹുസംസ്ഥാന സഹകരണസംഘം നിയമം ഭേദഗതി ചെയ്താണ് കഴിഞ്ഞ ബുധനാഴ്ച കേന്ദ്രമന്ത്രി ബി.എല്‍. വര്‍മ ബിൽ ലോക്സഭയില്‍ അവതരിപ്പിച്ചത്.