Latestദേശീയം

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന സ്പീക്കര്‍ ബോക്സുകള്‍ തലയില്‍ വീണു, തെരുവില്‍ കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

മുംബൈയിലെ വിക്രോളി പ്രദേശത്ത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന രണ്ട് ലൗഡ്‌സ്പീക്കറുകള്‍ തലയില്‍ വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം.റിപ്പബ്ലിക് ദിനം ആഘോഷിച്ച അംബേദ്കർ നഗറിലാണ് സംഭവം. ലൗഡ്‌സ്പീക്കറുകള്‍ സ്ഥാപിച്ചിരുന്ന തെരുവില്‍ കളിച്ചുകൊണ്ടിരുന്ന ജാൻഹവി രാജേഷ് സോങ്കർ എന്ന പെണ്‍കുട്ടിയാണ് ദാരുണമായി മരണപ്പെട്ടത്. സംഭവ സ്ഥലത്ത് വച്ച്‌ തന്നെ കുട്ടി മരണപ്പെട്ടു.

സ്പീക്കറുകള്‍ സ്ഥാപിച്ചിരുന്ന തെരുവില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഈ സമയം തുണിക്കെട്ടുമായി ഒരാള്‍ റോഡിലൂടെ നടന്നുപോവുകയും തലയിരുന്ന ഈ കെട്ട് സ്പീക്കറുകളുടെ വയറില്‍ തട്ടുകയുമായിരുന്നു. ഇതോടെ, റോഡിന്റെ ഇരുവശത്തുമായി നിന്നിരുന്ന രണ്ട് സ്പീക്കർ ബോക്സുകള്‍ കുട്ടിയുടെ മേല്‍ പതിക്കുകയായിരുന്നെന്ന് വിഖ്രോളി പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.