Latestദേശീയം

മൂന്നു തവണ ഭക്ഷണത്തില്‍ വിഷം നല്‍കി കൊല്ലാൻ ശ്രമിച്ചിട്ടും മരിച്ചില്ല; ഒടുവില്‍ ഭാര്യയെ കൊട്ടേഷൻ കൊടുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്

മുംബൈ: മഹാരാഷ്ട്രയിൽ മൂന്ന് തവണ ഭക്ഷണത്തില്‍ വിഷം നല്‍കി കൊല്ലാൻ ശ്രമിച്ചിട്ടും മരിക്കാത്തതിനെ തുടര്‍ന്ന് ഭാര്യയെ കൊട്ടേഷൻ നല്‍കി കൊലപ്പെടുത്തിയിരിക്കുകയാണ് ഭര്‍ത്താവ്.പ്രകാശ് ഗവാണ്ടെ എന്നയാളാണ് അധ്യാപികയായ ഭാര്യ വൃഷാലിയെ കൊലപ്പെടുത്താൻ വാടക കൊലയാളിയെ ഏര്‍പ്പെടുത്തിയത്.

കാറിടിപ്പിച്ച്‌ കൊലപ്പെടുത്തിയ ശേഷം അപകടമരണമാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു. ഇതിനായി വാടക കൊലയാളിക്ക് ഒരു ലക്ഷം രൂപ പ്രതിഫലവും നല്‍കി. മാര്‍ച്ച്‌ 2നാണ് സംഭവം. സ്കൂട്ടറില്‍ പോവുകയായിരുന്ന വൃഷാലിയെ ഒരു വെളുത്ത ടാറ്റ ഇൻട്രാ കാർ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ റോഡിലേക്ക് തെറിച്ചുവീഴുകയും തല്‍ക്ഷണം മരണം സംഭവിക്കുകയുമായിരുന്നു. കാർ മനീഷ് സൂര്യവംശി എന്നയാളുടേതാണെന്ന് പിന്നീടുള്ള അന്വേഷണത്തില്‍ കണ്ടെത്തി. ആക്രമണത്തിന് ഉപയോഗിച്ച കാറിന്‍റെ ഉടമ മനീഷ് സൂര്യവംശിയെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയുടെ ചുരുളഴിഞ്ഞത്.

ചോദ്യം ചെയ്യലില്‍, വൃഷാലിയുടെ ഭർത്താവ് പ്രകാശ് തന്നെയാണ് കൊലപാതകത്തിന് പിന്നിലെ സൂത്രധാരനെന്ന് സൂര്യവംശി വെളിപ്പെടുത്തി. തന്റെ ഭാര്യയെ വകവരുത്താൻ പ്രകാശ് ഒരു ലക്ഷം രൂപയ്ക്ക് മങ്കേഷ് ചുല്‍ക്കർ എന്നയാള്‍ക്ക് കൊട്ടേഷൻ നല്‍കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചുല്‍ക്കറാണ് അറസ്റ്റിലായ ഡ്രൈവർ സൂര്യവംശിയെ വാഹനം ഇടിപ്പിക്കാനായി അയച്ചത്. മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്