മുസ്‌ലിം എംഎല്‍എ ക്ഷേത്രം സന്ദർശിച്ചതിന് പിന്നാലെ ഗോമൂത്രം തളിച്ച് ‘ശുദ്ധീകരിച്ച്’ ഹിന്ദുത്വ സംഘടനാ പ്രവർത്തകർ
മുംബൈ: മുസ്‌ലിം എംഎല്‍എ ക്ഷേത്രം സന്ദർശിച്ചതിന് പിന്നാലെ ഗോമൂത്രം തളിച്ച് ‘ശുദ്ധീകരിച്ച്’ ഹിന്ദുത്വ സംഘടനാ പ്രവർത്തകർ.ശിവസേന എംഎല്‍എയും മുൻ മന്ത്രിയുമായ അബ്ദുല്‍ സത്താർ ആണ് ഛത്രപതി സംഭാജി നഗറിലെ ക്ഷേത്രത്തില്‍ ദർശനം നടത്തിയത്. ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് തന്റെ മണ്ഡലമായ റഹീമാബാദിലെ ശിവക്ഷേത്രത്തില്‍ സത്താർ സന്ദർശനം നടത്തിയത്.
സത്താർ ക്ഷേത്രം സന്ദർശിക്കുന്നതിന്റെയും തുടർന്ന് ഏതാനും യുവാക്കള്‍ ഗോമൂത്രം തളിക്കുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഗോമാംസം കഴിക്കുന്ന അബ്ദുല്‍ സത്താർ ദർശനം നടത്തിയതോടെ ക്ഷേത്രം അശുദ്ധമായെന്നാണ് ബിജെപി പ്രവർത്തകരുടെ വാദം.
”ഗോമാംസം കഴിക്കുന്ന ആളാണ് സത്താർ. അദ്ദേഹം ദർശനം നടത്തിയതോടെ ക്ഷേത്രം അശുദ്ധമായി. അതുകൊണ്ടാണ് ഗോമൂത്രം തളിച്ച് ‘ശുദ്ധീകരിച്ചത്’. അദ്ദേഹം അടുത്തിടെയാണ് ഹജ്ജിന് പോയത്. ഇപ്പോള്‍ അമ്പലത്തില്‍ ദർശനം നടത്തി. സത്താർ ഹിന്ദുക്കളെയും മുസ്‌ലിംകളെയും വിഡ്ഢികളാക്കുകയാണ്- സില്ലോദ് യൂണിറ്റ് ബിജെപി അധ്യക്ഷൻ മനോജ് മൊരേലു പറഞ്ഞു.
