മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിയുടെ തറക്കല്ലിടല്‍ ഇന്ന്
വയനാട്: മുണ്ടക്കൈ ദുരന്തബാധിതർക്കായി കോണ്‍ഗ്രസ് നിർമിക്കുന്ന ഭവന നിർമ്മാണ പദ്ധതിയുടെ തറക്കല്ലിടല്‍ ഇന്ന് നടക്കും.ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് തറക്കല്ലിടുക. പ്രിയങ്കാ ഗാന്ധി എംപി, കെ.സി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തുടങ്ങിയവർ പരിപാടിയില്‍ പങ്കെടുക്കും.
മേപ്പാടി പഞ്ചായത്ത് കുന്നംപറ്റയിലാണ് കോണ്‍ഗ്രസ് ഭവന നിർമ്മാണ പദ്ധതിക്കായി ആദ്യഘട്ടത്തില്‍ ഭൂമി ഏറ്റെടുത്തത്. 8.5 ഏക്കർ ഭൂമിയാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. 100 വീടുകള്‍ നിർമ്മിച്ചു നല്‍കുമെന്നതാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യഘട്ടമായി 50 വീടുകള്‍ പൂർത്തീകരിക്കാനാണ് ലക്ഷ്യം. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി എംപി തറക്കല്ലിടല്‍ നിർവഹിക്കും.
കുന്നംപറ്റയില്‍ കോണ്‍ഗ്രസ് കണ്ടെത്തിയ സ്ഥലത്ത് ഭൂമി നിരപ്പാക്കുന്ന പ്രവർത്തികള്‍ ഇതിനോടകം പൂർത്തീകരിച്ചു. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ് ഭൂമി കണ്ടെത്തിയത്. യുദ്ധകാല അടിസ്ഥാനത്തില്‍ വീടുകളുടെ നിർമാണം പൂർത്തിയാക്കും എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. വയനാട് എംപി പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍, സണ്ണി ജോസഫ് എംഎല്‍എ, ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ ജില്ല സംസ്ഥാന നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും
