കോളജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന ശേഷം പ്രതി ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി
കോളജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന ശേഷം പ്രതി ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. കൊല്ലം ഉളിയക്കോവിലിലാണ് സംഭവം. ഫെബിൻ ജോർജ് ഗോമസ് (21) ആണ് കുത്തേറ്റ് മരിച്ചത്. കാറിലെത്തിയ മുഖം മൂടി ധരിച്ച ഒരാളാണ് ആക്രമണം നടത്തിയത്. രാത്രി ഏഴ് മണിക്കു ശേഷമായിരുന്നു സംഭവം. കൊല്ലം ഫാത്തിമ മാതാ കോളജിൽ രണ്ടാം വർഷ ബിബിഎ വിദ്യാർഥിയാണ് ഫെബിൻ.
ഫെബിന്റെ വീട്ടിലെത്തിയ കെഎൽ 29 എച് 1628 എന്ന നമ്പറിലുള്ള കാർ റെയിൽവേ ട്രാക്കിനു സമീപം കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവ് ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതായി കണ്ടെത്തി. കടപ്പാക്കടയിൽ റെയിൽവേ ട്രാക്കിൽ നിന്നാണ് തേജസിന്റെ മൃതദേഹം കിട്ടിയത്. ആക്രമണത്തിനു പിന്നാലെ ഫെബിന്റെ വീട്ടിൽ നിന്നു രക്ഷപ്പെട്ട തേജസ് രാജ് (24) എന്ന യുവാവാണ് ആത്മഹത്യ ചെയ്തതെന്നും ഇയാളാണ് ഫെബിനെ കുത്തിയതെന്നും പൊലീസ് സ്ഥിരീകരിച്ചു.
ഫെബിന്റെ കഴുത്തിലും വാരിയെല്ലിന്റെ ഭാഗത്തും കൈക്കുമാണ് കുത്തേറ്റത്. ഉടൻ തന്നെ ഫെബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ഫെബിന്റെ പിതാവ് ഗോമസിനും കുത്തേറ്റിട്ടുണ്ട്. ഗോമസിന്റെ വാരിയെല്ലിനും കൈക്കുമാണ് കുത്തേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.