22-കാരിയെ കൊന്നു സ്യൂട്ട്കേസിലാക്കി; 50-കാരനായ ലിവ്-ഇൻ പങ്കാളി അറസ്റ്റില്‍
മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ സ്യൂട്ട്കേസിനുള്ളില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹവുമായി ബന്ധപ്പെട്ട്, അവരുടെ ലിവ്-ഇൻ പങ്കാളിയെ പോലീസ് അറസ്റ്റ് ചെയ്തു.നവംബർ 21-ന് നടന്ന വഴക്കിനെ തുടർന്ന് പ്രതി സ്ത്രീയെ കൊലപ്പെടുത്തുകയും, അടുത്ത ദിവസം മൃതദേഹം സ്യൂട്ട്കേസിലാക്കി അരുവിയുടെ കരയില്‍ ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
ദേശായി ഗ്രാമത്തിനടുത്തുള്ള അരുവിക്കരയിലെ പാലത്തിനടിയില്‍ നവംബർ 24 നാണ് പ്രിയങ്ക വിശ്വകർമ (22) എന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളുടെ കൈത്തണ്ടയ്ക്ക് സമീപം ‘പിവി എസ്’ എന്ന് പച്ചകുത്തിയ നിലയില്‍ കണ്ടെത്തിയത് കേസില്‍ നിർണായകമായി. അരുവിയില്‍ ഒഴുക്കിക്കളയാൻ വേണ്ടി സ്യൂട്ട്കേസില്‍ മൃതദേഹം നിറച്ചതാകാം എന്ന് സംശയിച്ച പോലീസ്, ഉടൻ തന്നെ കൊലപാതകത്തിന് കേസെടുത്തു.
അറസ്റ്റ്; കൊലപാതകം സമ്മതിച്ചു
സോഷ്യല്‍ മീഡിയയില്‍ നിന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ദേശായി ഗ്രാമത്തില്‍ നിന്നുള്ള വിനോദ് ശ്രീനിവാസ് വിശ്വകർമ (50) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍, കൊലപാതകം താനാണ് ചെയ്തതെന്ന് ഇയാള്‍ സമ്മതിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷമായി പ്രിയങ്ക വിനോദിനൊപ്പമാണ് താമസിച്ചിരുന്നത്. നവംബർ 21 ന് രാത്രി ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും, തുടർന്ന് വിനോദ് പ്രിയങ്കയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഒരു ദിവസം മൃതദേഹം വീട്ടില്‍ സൂക്ഷിച്ചെങ്കിലും, അത് അഴുകാൻ തുടങ്ങിയതോടെ ദുർഗന്ധം വമിച്ചു. ഇതോടെയാണ് മൃതദേഹം സ്യൂട്ട്കേസില്‍ നിറച്ച് കാല്‍നടയായി അരുവിക്കരയ്ക്ക് സമീപം കൊണ്ടുപോയി നവംബർ 22 ന് രാത്രി പാലത്തില്‍ നിന്ന് വലിച്ചെറിഞ്ഞതെന്ന് പ്രതി മൊഴി നല്‍കി.
