കേരള വിപണിയില്‍ നിന്ന് പിന്‍മാറാന്‍ ഒരുക്കമല്ലെന്ന് നന്ദിനി

കേരള വിപണിയില്‍ നിന്ന് പിന്‍മാറാന്‍ ഒരുക്കമല്ലെന്ന വ്യക്തമാക്കി നന്ദിനി പാലിന്റെ ഉടമസ്ഥരായ കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍. പ്രശ്നങ്ങള്‍ മില്‍മയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ഓണമടക്കമുള്ള ഉത്സവ സീസണുകളില്‍ കേരളത്തിന് ആവശ്യമായ പാല്‍ നല്‍കുന്നത് തുടരുമെന്നും കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ കമ്പനി മാനേജിങ് ഡയരക്ടര്‍ വ്യക്തമാക്കി.

കേരളത്തില്‍ സ്വകാര്യ പാല്‍ കമ്പനികള്‍ കൈയ്യടക്കി വച്ചിരിക്കുന്ന വിപണിയാണ് നന്ദിനി ലക്ഷ്യം വെക്കുന്നതെന്നാണ് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ വിശദീകരണം. 35 ലക്ഷം ലിറ്റര്‍ പാലാണ് ഒരുദിവസത്തേക്ക് കേരളത്തിന് ആവശ്യം.

ഇതില്‍ മില്‍മയ്ക്ക് നല്‍കാന്‍ കഴിയുന്നത് വെറും 15 ലക്ഷം ലീറ്റര്‍ മാത്രം. ബാക്കി സ്വകാര്യ കമ്പനികള്‍ കൈയ്യടക്കി വച്ചിരിക്കുകയാണ്. സ്വകാര്യ കമ്പനികള്‍ കൈയ്യാളുന്ന ഈ വിപണി ലക്ഷ്യമിട്ടാണ് നന്ദിനി ഔട്ട്ലെറ്റുകള്‍ തുറന്നത്. പലുല്പന്നങ്ങള്‍ മാത്രമായാല്‍ ഔട്ട്ലെറ്റുകള്‍ വിജയിക്കില്ലെന്നതിനാലാണു പാസ്ച്ചുറൈസ്ഡ് പാല്‍ കൂടി വില്‍ക്കുന്നത്.

ഇതു സഹകരണ ഫെഡറേഷനുകള്‍ തമ്മിലുള്ള പരസ്പര ധാരണയ്ക്ക് എതിരല്ല. ഒരിക്കലും മില്‍മയെ തകര്‍ക്കുന്ന നടപടി കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ ഭാഗത്തു നിന്ന് ഉണ്ടാവില്ലെന്നും കമ്പനി മാനേജിങ് ഡയറക്ടര്‍ ബി.എം.സതീഷ് വിശദീകരിച്ചു.