ഋഷി സുനകിന് വിജയാശംസകൾ നേര്‍ന്ന് നാരായണ മൂര്‍ത്തി

ന്യൂഡല്‍ഹി: ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഋഷി സുനകിനെ അഭിനന്ദിച്ച് ഭാര്യാപിതാവും ഇൻഫോസിസിന്‍റെ സഹസ്ഥാപകനുമായ എൻ.ആർ.നാരായണ മൂർത്തി . ഋഷിയെക്കുറിച്ച് തനിക്ക് അഭിമാനമുണ്ടെന്നും എല്ലാ വിജയങ്ങളും ആശംസിക്കുന്നുവെന്നും നാരായണ മൂർത്തി പറഞ്ഞു. യുകെയിലെ ജനങ്ങൾക്ക് സാധ്യമായ ഏറ്റവും മികച്ച സേവനം ഋഷി നൽകുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് ഇന്ന് ചുമതലയേറ്റെടുക്കും. രാവിലെ ബക്കിംഗ്ഹാം കൊട്ടാരത്തിൽ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച് ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാകും സ്ഥാനം ഏറ്റെടുക്കുക. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ലിസ് ട്രസ്സും രാവിലെ രാജാവുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് രാവിലെ 10.15 ന് ഡൗണിംഗ് സ്ട്രീറ്റിലെ വസതിക്ക് മുന്നിൽ വിടവാങ്ങൽ പ്രസംഗം നടത്തും. ഇതിന് ശേഷം, ഋഷി സുനക് രാജാവിനെ സന്ദർശിക്കും.

ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിംഗ് സ്ട്രീറ്റിൽ എത്തുന്ന പുതിയ പ്രധാനമന്ത്രി രാവിലെ 11.35ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഉച്ചകഴിഞ്ഞ് കാബിനറ്റ് അംഗങ്ങളുടെ നിയമനവും ഉണ്ടാകും.