നവകേരള സദസിന് വേദിയൊരുങ്ങുന്ന കോട്ടയത്തെ സ്കൂളിലെ പഴയ കെട്ടിടം ഇടിച്ചു നിരത്തി

നവകേരള സദസിന് വേദിയൊരുങ്ങുന്ന കോട്ടയം പൊന്‍കുന്നം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഴയ കെട്ടിടം ഇടിച്ചു നിരത്തി. പന്തലിടാനായാണ് കെട്ടിടം പൊളിച്ചത്. ഉപയോഗിക്കാതെയും ഫിറ്റ്നസ് കിട്ടാതെയും വര്‍ഷങ്ങളായി കിടന്നിരുന്ന കെട്ടിടമാണ് പൊളിച്ചതെന്നും ഇതിന് നവകേരള സദസുമായി ഒരു ബന്ധവുമില്ലെന്നുമാണ് ജില്ലാ പഞ്ചായത്ത് വിശദീകരണം.

പൊന്‍കുന്നം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൊളിച്ചു നീക്കിയ സ്കൂള്‍ കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന തിരക്കിലാണ് തൊഴിലാളികള്‍. ഈ അവശിഷ്ടങ്ങൾ നീക്കിയിട്ടാണ് നവകേരള സദസിനായി പന്തൽ ഒരുക്കുക. മൂന്നു വര്‍ഷം മുമ്പ് പുതിയ കെട്ടിടം നിര്‍മിച്ച് ക്ലാസുകള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. അന്നു മുതല്‍ ഉപയോഗിക്കാതെ കിടന്ന കെട്ടിടമാണ് പൊളിച്ചത്. മൂന്നു വര്‍ഷമായിട്ടും പൊളിക്കാതെ കിടന്നിരുന്ന കെട്ടിടം, പൊളിച്ചു നീക്കാനുള്ള തീരുമാനം പെട്ടെന്നുണ്ടായതല്ലെന്നാണ് ജില്ലാ പഞ്ചായത്തിന്‍റെ വിശദീകരണം. വൃക്ഷങ്ങള്‍ വെട്ടിമാറ്റുന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പിന്‍റെ വാല്യുവേഷന്‍ നടപടികള്‍ തീരാനുളള കാലതാമസമാണ് കെട്ടിടം പൊളിക്കുന്നത് വൈകിപ്പിച്ചതെന്നും ജില്ലാ പഞ്ചായത്ത് അധികൃത‍ വിശദീകരിക്കുന്നു. ഡിസംബര്‍ 12നാണ് നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും പൊന്‍കുന്നത്ത് എത്തുന്നത്.