കാട്ടുപോത്തിനെ വിരട്ടി ഓടിക്കുന്നതിനിടെ ഫോറസ്റ്റ് ഉദ്യോഗസ്ഥനു കുത്തേറ്റു
നെയ്യാർ: നാട്ടിലെത്തിയ കാട്ടുപോത്തിനെ വിരട്ടി ഓടിക്കുന്നതിനിടെ ഫോറസ്റ്റ് ഉദ്യോഗസ്ഥനു വയറ്റില്‍ കുത്തേറ്റു.കള്ളിക്കാട് – അമ്പൂരി പഞ്ചായത്തുകളുടെ അതിർത്തിയായ കണ്ടംതിട്ട പ്രദേശത്താണു കാട്ടുപോത്ത് ഇറങ്ങിയത്. ചീനിക്കാല ജംഗ്ഷനില്‍നിന്നു കണ്ടംതിട്ട ജംഗ്ഷൻ വരെ റോഡിലൂടെവന്ന കാട്ടുപോത്തിനെ വിരട്ടി ഓടിക്കുന്നതിനിടെയാണു പരുത്തിപ്പള്ളി ആർആർ ടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അനിലിനു ഗുരുതര പരിക്കേറ്റത്.
നെയ്യാർ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ഗുരുതര പരിക്കുള്ളതിനാല്‍ ആംബുലൻസില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. ഇന്നലെ രാവിലെയാണ് കാട്ടുപോത്ത് ഇറങ്ങിയതായി നാട്ടുകാർ കണ്ടത്. തുടർന്ന് വിവരം പരുത്തിപ്പള്ളി വനം വകുപ്പ് ഓഫീസില്‍ അറിയിച്ചു. അവിടെനിന്നുള്ള ഉദ്യോഗസ്ഥരെത്തി കാട്ടുപോത്തിനെ ഓടിച്ചു കാട്ടില്‍ വിടാൻ ശ്രമിച്ചു.
അതിനിടയ്ക്കായിരുന്നു ആക്രമണം. കാട്ടുപോത്ത് ഇറങ്ങിയതായി പഞ്ചായത്തു മുന്നറിയിപ്പും നല്‍കിയിരുന്നു. തുരത്തിയോടിക്കുന്നതിനിടെ കാട്ടുപോത്ത് പൊന്തകാടുകള്‍ക്കുള്ളില്‍ മറഞ്ഞു, അതിന്റെ ഭീതിയിലാണു നാട്ടുകാർ.
