നിഹാലിന്റെ കുടുംബത്തിന് 10 ലക്ഷം: 

നിഹാലിന്റെ കുടുംബത്തിന് 10 ലക്ഷം: തെരുവു നായ്ക്കളുടെ ആക്രമണത്തെത്തുടര്‍ന്ന് മരണപ്പെട്ട കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ നിഹാല്‍ എന്ന കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. ഈ മാസം 11നാണ് നിഹാല്‍ തെരുവുനായ ആക്രമണത്തില്‍ മരണപ്പെട്ടത്.

ക്രിമിനല്‍ നടപടി സംഹിതയില്‍ ഭേദഗതി: ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്മാരുടെ ശിക്ഷാവിധിക്കെതിരായ അപ്പീല്‍ കേള്‍ക്കാന്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജിമാര്‍ക്കും ചീഫ് ജുഡീഷയല്‍ മജിസ്‌ട്രേറ്റ്മാര്‍ക്കും അനുമതി നല്‍കും. ഇതിന് ക്രിമിനല്‍ നടപടി സംഹിതയിലെ 381-ാം വകുപ്പ് ഭേദഗതി ചെയ്യും. ഹൈക്കോടതി രജിസ്ട്രാറുടെ നിര്‍ദ്ദേശമനുസരിച്ചാണ് തീരുമാനം. ഇതു സംബന്ധിച്ച കരട് ബില്ലും ധനകാര്യ മെമ്മോറാണ്ടവും അംഗീകരിച്ചു.

പേരിനൊപ്പം കെ.എ.എസ് എന്നു ചേര്‍ക്കാം: സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ പ്രവേശിക്കുന്ന കെ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് പേരിനൊപ്പം കെ.എ.എസ്. എന്നു ചേര്‍ക്കാന്‍ അനുമതി നല്‍കും. അഖിലേന്ത്യാ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ പേരിനൊപ്പം പ്രസ്തുത സര്‍വ്വീസിന്റെ ചുരുക്കപ്പേര് ഉപയോഗിക്കുന്ന മാതൃകയിലാവും ഇത്. പരിശീലനം പൂര്‍ത്തിയാക്കുന്ന കെ.എ.എസിന്റെ ആദ്യ ബാച്ച് ഉദ്യോഗസ്ഥര്‍ ജൂലൈ 1 ന് വിവിധ വകുപ്പുകളില്‍ ചുമതലയേല്‍ക്കും.

വിരമിക്കല്‍ പ്രായം 56 ആക്കി: കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വയോണ്‍മെന്റ് സെന്ററിലെ ശാസ്ത്രവിഭാഗം ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 55 വയസ്സില്‍ നിന്നും 56 വയസ്സാക്കി ഉയര്‍ത്തി സര്‍വ്വീസ് റൂള്‍സില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു.