കേരളം

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് മിന്നും വിജയം

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് മിന്നും വിജയം. 11077 വോട്ടുകൾക്കാണ് ആര്യാടൻ ഷൗക്കത്തിന്റെ വിജയം. ഷൗക്കത്ത് 77737 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് 66660 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ 19760 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് 8648 വോട്ടുകളും നേടി.

നിലമ്പൂരിൽ പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിച്ചുവെന്ന് ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു. കേരളത്തിലെ ജനങ്ങൾ ആഗ്രഹിച്ച വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു. വിജയത്തിൽ വികാരാധീനനായ ഷൗക്കത്ത് പിതാവിന്റെ ഓർമ്മയിൽ വിതുമ്പി. ഉമ്മയുടെ അനുഗ്രഹം തേടുമ്പോഴാണ് വികാരാധീനനായത്. നിലമ്പൂർ തിരിച്ചുപിടിക്കണം എന്നത് പിതാവിന്റെ ആഗ്രഹമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ആര്യാടൻ ഷൗക്കത്തിന് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച എം സ്വരാജ് അഭിനന്ദനമറിയിച്ചു. ഉയർന്ന ജനാധിപത്യ സംവാദം എന്ന നിലയിൽ മുന്നോട്ട് പോകാൻ സാധിച്ചു. വിവാദങ്ങൾക്ക് തയാറായില്ല. വികസനമായിരുന്നു മുഖ്യമെന്നും സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു. എൽഡിഎഫ് സർക്കാരിൻ്റെ പ്രവർത്തനങ്ങളെ ജനം അംഗീകരിക്കുന്നുണ്ട്. ഉൾക്കൊള്ളേണ്ട കാര്യങ്ങൾ ഉൾക്കൊള്ളും. ഭരണ വിരുദ്ധ വികാരം ഇല്ലെന്നും തനിക്ക് താനായിതന്നെ മത്സരിക്കാൻ പറ്റിയെന്നും സ്വരാജ് കൂട്ടിച്ചേർത്തു.