യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയില്‍ ഹര്‍ജി
ന്യൂ ഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയില്‍ ഹര്‍ജി. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലാണ് ഹര്‍ജി നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. നിമിഷപ്രിയയുടെ വധശിക്ഷ ബുധനാഴ്ച നടപ്പാക്കുമെന്നാണ് വിവരം. യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ യെമനിലെ ജയിലിലാണ് നിലവില്‍ നിമിഷപ്രിയ. കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദിയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും ഹര്‍ജിയില്‍ പറയുന്നു.
നിമിഷപ്രിയയുടെ മോചനം ആവശ്യപ്പെട്ട് നിരവധി രാഷ്ട്രീയ നേതാക്കള്‍ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നിമിഷപ്രിയയുടെ മോചനം ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ കുടുംബം ഗവര്‍ണറെ കണ്ടിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനും മകനും നിയമസഭാംഗവുമായ ചാണ്ടി ഉമ്മനുമാണ് ഗവര്‍ണറെ കണ്ടത്. നിമിഷ പ്രിയയുടെ മോചനം സാധ്യമാക്കാന്‍ കേന്ദ്രം ഇടപെടണമെന്നാണ് കുടുംബത്തിന്‌റെ ആവശ്യം.
