Latestകണ്ണൂര്‍

നിമിഷ പ്രിയയുടെ വധശിക്ഷ തിയതി അറിയിച്ചു; സന്ദേശം വന്നതായി നിമിഷപ്രിയയുടെ ഭര്‍ത്താവ്

സനയിലെ സെൻട്രല്‍ ജയില്‍ അധികൃതർ വധശിക്ഷ നടപ്പാക്കുന്ന തിയതി അറിയിച്ചിട്ടുണ്ടെന്ന് യെമനില്‍ വധശിക്ഷയ്ക്ക് വിധക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ ഭർത്താവ് ടോമി തോമസ് പറ‍ഞ്ഞു.തിയതി അറിയിച്ച്‌ അവർ സന്ദേശം അയച്ചതായി ടോമി തോമസ് വ്യക്തമാക്കി.

2017 ജൂലൈയില്‍ യെമൻ പൗരനായ തലാല്‍ അബ്ദുമെഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് സ്വദേശിയായ നഴ്സ് നിമിഷ പ്രിയയെ 2020ല്‍ ആണ് വധശിക്ഷയ്ക്ക് വിധിച്ചത്. യെമനിലെ മനുഷ്യാവകാശ പ്രവർത്തകൻ സാമുവല്‍ ജെറോം ജൂലൈ 16ന് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ ജയില്‍ അധികൃതർ തീരുമാനിച്ചതായി അറിയിച്ചു.

വ്യാഴാഴ്ച വൈകുന്നേരം രാജ്ഭവനില്‍ വച്ച്‌ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ടതായും കാര്യങ്ങള്‍ വിശദീകരിച്ചതായും നിമിഷ പ്രിയയുടെ ഭർത്താവ് ടോമി വിശദീകരിച്ചു. നിമിഷ പ്രിയയുടെ കാര്യത്തില്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തതായും താൻ പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും ടോമി പറഞ്ഞു.ഗവർണറുമായുള്ള കൂടിക്കാഴ്ചയില്‍ നിമിഷ പ്രിയയുടെ അമ്മ പ്രേമ കുമാരിയുമായും വീഡിയോ കോളിലൂടെ സംസാരിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി നിമിഷ പ്രിയയുടെ അമ്മ യെമനില്‍ തുടരുകയാണ്. മകളുടെ ജീവൻ രക്ഷിക്കാൻ സാധ്യമായ വഴികളും തേടുകയാണ് നിമിഷ പ്രിയയുടെ അമ്മ പ്രേമ കുമാരി.

2011ല്‍ ആണ് നിമിഷ പ്രിയയും ഭർത്താവും മകളും യെമനിലെത്തിയത്. തലാലിന്റെ സ്പോണ്‍സർഷിപ്പില്‍ സനയില്‍ ക്ലിനിക് ആരംഭിച്ചു. സാമ്ബത്തിക പ്രതിസന്ധിയെ തുടർന്ന് ഭർത്താവും മകളും 2014ല്‍ നാട്ടിലേക്ക് മടങ്ങി. പിന്നീട്, തലാല്‍ നിമിഷ പ്രിയയെ വിവാഹം ചെയ്തതായി അവകാശപ്പെട്ട് വ്യാജ രേഖകള്‍ നിർമിച്ച്‌ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുവെന്നും പാസ്പോർട്ട് പിടിച്ചുവച്ച്‌ ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം.

പാസ്പോർട്ട് വീണ്ടെടുത്ത് രക്ഷപ്പെടാൻ ശ്രമക്കവേ നിമിഷ തലാലിനെ ബോധം കെടുത്തി, പക്ഷേ ഇതിനിടെ തലാല്‍ മരിച്ചു. തുടർന്ന് മൃതദേഹം വാട്ടർടാങ്കില്‍ ഒളിപ്പിച്ചു. കൊലപാതകക്കേസില്‍ 2017ല്‍ നിമിഷ പ്രിയയും സഹായിയും അറസ്റ്റിലായി. യെമൻ കോടതി വധശിക്ഷ വിധിക്കുകയും 2023ല്‍ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ വധശിക്ഷ സ്ഥിരീകരിക്കുകയും ചെയ്തു.