Latestകേരളം

നിരണത്തുനിന്ന് രണ്ടുമക്കള്‍ക്കൊപ്പം കാണാതായ യുവതിയുടെ ഭർത്താവിനെ മരിച്ചനിലയില്‍ കണ്ടെത്തി

നിരണത്തുനിന്ന് രണ്ടുമക്കള്‍ക്കൊപ്പം കാണാതായ യുവതിയുടെ ഭർത്താവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കാണാതായ നിരണം സ്വദേശിനി റീന(40)യുടെ ഭർത്താവ് കവിയൂർ ഞാലിക്കണ്ടം മാറമല വീട്ടില്‍ അനീഷ് മാത്യു(41)വിനെയാണ് ഞാലിക്കണ്ടത്തെ കുടുംബവീട്ടില്‍ ഞായറാഴ്ച വൈകിട്ട് നാലരയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.റീനയെയും രണ്ടുമക്കളെയും കാണാതായി രണ്ടാഴ്ച തികയുന്നതിനിടെയാണ് അനീഷിന്റെ മരണം.

ഓഗസ്റ്റ് 17 മുതലാണ് റീനയെയും മക്കളായ അക്ഷര(8), അല്‍ക്ക എന്നിവരെയും കാണാതായത്. റീനയുടെ കുടുംബത്തിന്റെ പരാതിയിലാണ് സംഭവത്തില്‍ പോലീസ് കേസെടുത്തത്. അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി പ്രത്യേകസംഘത്തെയും നിയോഗിച്ചിരുന്നു. ഇതിനിടെ റീന മക്കള്‍ക്കൊപ്പം ബസില്‍ യാത്രചെയ്യുന്നതിന്റെയും റോഡിലൂടെ നടന്നുപോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു. എന്നാല്‍, ദിവസങ്ങള്‍ പിന്നിട്ടിട്ടും മൂവരെയും കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് അനീഷിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

നേരത്തെ തന്നെ അനീഷും കുടുംബവും തമ്മിലുള്ള പ്രശ്നങ്ങള്‍ ബന്ധുക്കള്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. ഈ മാസം 17നാണ് റീനയെയും മക്കളെയും കാണാതായത്. എന്നാല്‍ ഇവരെ കാണാതെയതിനു ശേഷം രണ്ട് ദിവസം കഴിഞ്ഞാണ് വിവരം അറിയിച്ചതെന്നാണ് റീനയുടെ ബന്ധുക്കള്‍ പറഞ്ഞത്.