വിദേശയാത്രയിൽ കുടുംബത്തെ കൂടെക്കൂട്ടിയതിൽ അനൗചിത്യമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശയാത്രയ്ക്ക് കുടുംബാംഗങ്ങളെ കൂടെ കൊണ്ടുപോയതിൽ അപാകതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശയാത്രയിൽ കുടുംബം അനുഗമിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നാടിന് എന്താണ് സംഭവിക്കുന്നതെന്നാണ് മാധ്യമങ്ങൾ ശ്രദ്ധിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

“മാധ്യമങ്ങളുടെ ശ്രദ്ധ എന്തിലാണ്? എന്ത് സന്ദേശമാണ് നിങ്ങൾ നൽകുന്നത്? സംസ്ഥാനത്തിന്‍റെ പുരോഗതിയെ സഹായിക്കുന്ന നിരവധി കാര്യങ്ങളാണ് ആരംഭിക്കാൻ പോകുന്നത്. പിക്നിക്, ധൂർത്ത്, നാടിന് ഗുണം ചെയ്യുന്ന യാത്രയല്ല എന്നിങ്ങനെയുള്ള സന്ദേശങ്ങൾ നൽകാനാണ് മാധ്യമങ്ങൾ ശ്രമിച്ചത്. നാടിനെ സമ്പന്നമാക്കാനുള്ള ശ്രമം നടക്കുമ്പോൾ എന്തിനാണ് ഇത്തരം സന്ദേശം നൽകുന്നത്?

മാധ്യമങ്ങൾ പ്രതിപക്ഷത്തിന്‍റെ തലത്തിലേക്ക് അധഃപതിക്കരുത്. യാത്രയിൽ ശ്രദ്ധേയമായ നേട്ടങ്ങളുണ്ടായി. മാധ്യമങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന നിലയല്ല വിദേശികളുടെ മനസ്സിലുള്ളത്. അവർ കേരളത്തെ നന്നായി മനസ്സിലാക്കിയിട്ടുണ്ട്. അവരിൽ നിന്ന് ആരോഗ്യകരമായ പ്രതികരണമുണ്ടായി. അവർക്ക് നിഷേധാത്മക മനോഭാവം ഉണ്ടായിരുന്നില്ല. വിദേശികൾ കേരളത്തെക്കുറിച്ച് ശരിയായി പഠിക്കുന്നു. നാടിനെക്കുറിച്ച് നല്ല സന്ദേശം പ്രചരിപ്പിക്കാൻ മാധ്യമങ്ങൾ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.