ഫിഷറീസ്, അക്വാകൾച്ചർ രംഗത്ത് കേരളത്തിന് സഹായം വാഗ്ദാനം ചെയ്ത് നോർവേ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം നോർവേയിലെ ഫിഷറീസ്, സമുദ്ര നയ മന്ത്രി ജോർണർ സെൽനെസ് സ്കെജറനുമായി കൂടിക്കാഴ്ച നടത്തി. ഫിഷറീസ്, അക്വാകൾച്ചർ മേഖലകളിൽ പുതിയ പദ്ധതികൾ നടപ്പിലാക്കാൻ നോർവേ സഹായം വാഗ്ദാനം ചെയ്തു. കേരളത്തിൽ ഒരു മാരിടൈം ക്ലസ്റ്റർ സൃഷ്ടിക്കുന്നതിനും ഫിഷറീസ്, അക്വാ കൾച്ചർ മേഖലകളിൽ പുതിയ പദ്ധതികൾ നടപ്പാക്കുന്നതിനുമാണ് നോർവേ സഹായം വാഗ്ദാനം ചെയ്തത്.
ഇന്ത്യ-നോർവേ സഹകരണത്തിന്‍റെ പ്രധാന ഘടകമാണ് കേരളമെന്ന് നോർവേ ഫിഷറീസ് മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കൊല്ലം ജില്ലയിലെ നീണ്ടകരയിൽ 1953-ൽ ആരംഭിച്ച നോർവീജിയൻ പദ്ധതിയിലൂടെ കേരളത്തിലെ മത്സ്യബന്ധന മേഖലയിൽ ഉണ്ടായ ഗുണപരമായ മാറ്റങ്ങൾ മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചു.