ഗൾഫ്

ഒമാനില്‍ അതിതീവ്ര ഉഷ്ണതരംഗം

മസ്‌കത്ത്: ഒമാനില്‍ അതിതീവ്ര ഉഷ്ണതരംഗം റിപ്പോര്‍ട്ട് ചെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബര്‍കയില്‍ താപനില 50.7 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.വിവിധ ഭാഗങ്ങളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസിന് അടുത്തെത്തിയിരുന്നു. ഹംറ അദ്ദുറൂഅ, സുവൈഖ്, വാദി അല്‍ മഅ്വല്‍ എന്നിവിടങ്ങളില്‍ 49 ഡിഗ്രിക്ക് മുകളിലും ബിദ്ബിദ്, റുസ്താഖ്, നഖല്‍, ആമിറാത്ത് എന്നിവിടങ്ങളില്‍ 48 ഡിഗ്രിക്ക് മുകളിലും താപനില റിപ്പോര്‍ട്ട് ചെയ്തു.

വരും ദിവസങ്ങളിലും ഉയര്‍ന്ന താപനില തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. രാജ്യം അതി കഠിന ചൂടിലേക്ക് പോകുന്ന സാഹചര്യത്തില്‍ വീടിന് പുറത്തിറങ്ങുന്നവരും തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരും ആരോഗ്യ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.