ഓണചന്തകൾ സെപ്റ്റംബർ ആദ്യവാരത്തോടെ തുടങ്ങുമെന്ന് സപ്ലൈകോ

ഓണചന്തകൾ സെപ്റ്റംബർ ആദ്യവാരത്തോടെ തുടങ്ങുമെന്ന് സപ്ലൈകോ. എല്ലാ ജില്ലകളിലും ഓണചന്തകൾ ആരംഭിക്കും.13 ഇന അവശ്യസാധനങ്ങൾ ഓണചന്തകളിൽ ഉറപ്പാക്കാനാണ് സപ്ലൈകോയുടെ തീരുമാനം. ഓണചന്തകൾക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞുവെന്നും ധനവകുപ്പിൽ നിന്ന് ലഭിച്ച 225 കോടി രൂപ കൊണ്ട് ചന്തകൾ തുടങ്ങുമെന്നും സപ്ലൈകോ അറിയിച്ചു.അതേസമയം കൂടുതൽ തുക ധനവകുപ്പ് നൽകുമെന്ന് പ്രതീക്ഷയിലാണ് സപ്ലൈകോ.

വിലയിൽ ഇളവ്‌ നൽകി ആവശ്യസാധനങ്ങൾ ജനങ്ങൾക്ക്‌ ലഭ്യമാക്കാൻ ബജറ്റ്‌ വിഹിതത്തിനു പുറമെ 120 കോടി രൂപയാണ്‌ സപ്ലൈകോയ്‌ക്ക്‌ ലഭ്യമാക്കിയതെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
വിപണി ഇടപടലിന്‌ ഈ സാമ്പത്തികവർഷം 205 കോടി രൂപയാണ്‌ ആകെ വകയിരുത്തിയിരുന്നത്‌. കഴിഞ്ഞമാസം 100 കോടി രൂപ അനുവദിച്ചിരുന്നു. ബജറ്റ്‌ പ്രകാരം ബാക്കി 105 കോടി രൂപയാണ്‌ ഉണ്ടായിരുന്നത്‌. എന്നാൽ 120 കോടി രൂപ അധികമായി നൽകാൻ ധനവകുപ്പ്‌ തീരുമാനിക്കുകയായിരുന്നു.