ഓണത്തിന് സ്‌പെഷ്യല്‍ അരി; വിതരണം 11മുതല്‍

തിരുവനന്തപുരം: ആഗസ്റ്റ് മാസത്തെ റേഷനോടൊപ്പം ഓണം പ്രമാണിച്ച് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സ്‌പെഷ്യല്‍ അരിയുടെ വിതരണം 11-ാം
തീയതി മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. വെള്ള, നീല കാര്‍ഡുടമകള്‍ക്ക് 5 കിലോ വീതം സ്‌പെഷ്യല്‍ പുഴുക്കലരി 10.90 രൂപ നിരക്കില്‍ വിതരണം ചെയ്യുന്നതാണ്.

മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്ത് വിലക്കയറ്റം കുറവാണെന്ന് മന്ത്രി ജി ആര്‍ അനില്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണ് വിലക്കയറ്റത്തിന് കാരണം. വിലക്കയറ്റം ഉണ്ടാകുമ്പോള്‍ ഒരു സര്‍ക്കാരിന് ചെയ്യാന്‍ കഴിയുക വിപണയില്‍ ഇടപെടുകയെന്നതാണ്. 13 ഇനം അവശ്യസാധനങ്ങള്‍ 2016 ഏപ്രില്‍ മാസത്തെ വിലയ്ക്കാണ് നല്‍കുന്നതെന്ന് മന്ത്രി നിയമസഭയില്‍ അറിയിച്ചു. ഇതുമുലം സംസ്ഥാന സര്‍ക്കാരിന് പ്രതിവര്‍ഷം ശരാശരി 315 കോടി രൂപയാണ് ചെവല് വരുന്നതെന്നും മന്ത്രി പറഞ്ഞു.

13 ഇനം സബ്സിഡി ഉത്പന്നങ്ങള്‍ നിശ്ചിത അളവില്‍ പൊതുവിപണിയില്‍ നിന്നും വാങ്ങുന്നതിന് 1383 രൂപ നല്‍കേണ്ടി വരുമ്പോള്‍ സപ്ലൈകോയില്‍ ഇത് 756 രൂപയ്ക്ക് ലഭിക്കുന്നതായും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇത്തരം വിപണി ഇടപെടല്‍ നടത്തുന്നില്ല. പ്രതിമാസം നാല്‍പ്പത് ലക്ഷം കാര്‍ഡ് ഉടമകള്‍ സപ്ലൈകോയുടെ സബ്സിഡി ഉത്പന്നങ്ങള്‍ വാങ്ങുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു

സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടായെങ്കിലും സപ്ലൈകോയില്‍ സബ്സിഡി ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ വിതരണം ചെയ്യുന്നതില്‍ തടസമുണ്ടായിട്ടില്ല. ചില ഉത്പന്നങ്ങള്‍ മാസത്തിലെ അവസാന ദിവസങ്ങളിലും ആദ്യദിവസങ്ങളില്‍ ഇല്ലാതെ വരുന്നത് സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു. റേഷന്‍ കടകളില്‍ ഇപോസ് മെഷീനില്‍ തകരാര്‍ ഉണ്ടെങ്കില്‍ അതിനാവശ്യമായ സമയം നീട്ടി നല്‍കാറുണ്ടെന്നും മന്ത്രി പറഞ്ഞു.