അവസാന മണിക്കൂറിലും കുതിച്ച് ഓണം ബമ്പർ വിൽപന.
തിരുവനന്തപുരം: അവസാന മണിക്കൂറിലും കുതിച്ച് ഓണം ബമ്പർ വിൽപന. 75,65,000 ടിക്കറ്റുകളാണ് ഇതുവരെ ലോട്ടറി ഓഫീസിൽ നിന്നും വിറ്റുപോയിരിക്കുന്നത്. രാവിലെ 10 മണി വരെയായിരുന്നു ഏജന്റ് മാർക്ക് ടിക്കറ്റ് വാങ്ങാനുള്ള അവസരം ഉണ്ടായിരുന്നത്. നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് തിരുവോണം ബമ്പർ വിൽപ്പനയിൽ സർവ്വകാല റെക്കോർഡിലേക്ക് എത്തുന്നത്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം എഴുപത്തിയൊന്നര ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ടിക്കെറ്റെടുത്ത ഇതരസംസ്ഥാനക്കാരുടെ എണ്ണത്തിലും വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്.
25 കോടിയാണ് ഒന്നാം സമ്മാനം. ഓരോ കോടി വീതമാണ് ഇരുപത് പേർക്കുള്ള രണ്ടാം സമ്മാനം. മോഹിപ്പിക്കുന്ന സമ്മാനങ്ങൾ തേടിയെത്തുന്ന ഭാഗ്യാന്വേഷകരുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും വലിയ കണക്കിലാണുള്ളത്. ബമ്പർ വിൽപ്പന അവസാന ദിവസത്തിലേക്ക് കടന്നപ്പോഴും ലോട്ടറികടകളിൽ നീണ്ടനിരയാണുണ്ടായിരുന്നത്. 500 രൂപയുടെ ടിക്കറ്റ് ഒറ്റയ്ക്ക് എടുക്കുന്നവരും കൂട്ടത്തോടെ ഷെയർ ഇട്ട് എടുക്കുന്നവരും ഏറെയാണ്. ഇക്കുറി ആകെ അച്ചടിച്ചത് 80 ലക്ഷം ടിക്കറ്റുകളാണ്. വിൽപ്പന തുടങ്ങിയ ആദ്യം ദിനം മാത്രം വിറ്റത് നാലര ലക്ഷം ടിക്കറ്റുകളാണെന്നത് ബംപറിൻ്റെ മാറ്റു കൂട്ടുന്നുണ്ട്.
വിൽപ്പന തുടങ്ങിയ ജൂലൈ 27 മുതൽ ഇങ്ങോട്ട് ഓരോ ദിവസവും വിറ്റ ടിക്കറ്റുകളുടെ എണ്ണം കൂടുകയായിരുന്നു. നറുക്കെടുപ്പിന് മുമ്പ് മുഴുവൻ ടിക്കറ്റുകളും വിറ്റ് തീരുമെന്നാണ് സർക്കാർ പ്രതീക്ഷ. ഇതര സംസ്ഥാനക്കാരെ ലക്ഷ്യമിട്ട് ലോട്ടറി വകുപ്പ് ഇറക്കിയ ഹിന്ദി, ബംഗാളി, ആസാമിസ് ഭാഷകളിലുള്ള പരസ്യവും ഫലം കണ്ടിരുന്നു.
പതിനഞ്ച് കോടിയിൽ നിന്ന് സമ്മാന തുക 25 കോടിയായി ഉയർത്തിയ കഴിഞ്ഞ വർഷം 66,55,914 ടിക്കറ്റുകളാണ് വിറ്റത്. മുൻ വർഷങ്ങളെക്കാൾ സമ്മാനങ്ങളുടെ എണ്ണം കൂട്ടിയതാണ് ഇക്കൊല്ലം ഭാഗ്യാന്വേഷികളെ ആകർഷിച്ചത്.