Latestകേരളം

അശ്ലീല വീഡിയോ സംപ്രേഷണം ചെയ്യുന്ന 5 ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് പൂട്ടിട്ട് കേന്ദ്രം

അശ്ലീല വെബ്സീരിസുകളും, വീഡിയോകളും സംപ്രേഷണം ചെയ്യുന്ന അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ കേന്ദ്ര വാർത്താവിതരണ മന്ത്രാലയം നിരോധിച്ചു.മൂഡ്‌എക്സ് വിഐപി, കോയല്‍ പ്ലേപ്രോ, ഡിജിമൂവി പ്ലക്സ്, ഫീല്‍, ജുഗ്‌നു എന്നീ പ്ലാറ്റ്‌ഫോമുകളെയാണ് സർക്കാർ ബ്ലോക്ക് ചെയ്തത്. പണം ഈടാക്കി പോണ്‍ വീഡിയോസ് സംപ്രേഷണം ചെയ്യുന്ന ഒടടി പ്ലാറ്റ്ഫോമുകളാണ് ഇവ. ഫെബ്രുവരി 24-നാണ് മന്ത്രാലയം 5 ഒിടിടി ആപ്പുകള്‍ നിരോധിച്ച്‌ ഉത്തരവിറക്കിയത്. നടപടിക്രമങ്ങള്‍ പാലിച്ചാണ് ഈ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം അറിയിച്ചു.

ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 69A പ്രകാരം സർക്കാരിന് ലഭിച്ചിട്ടുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഈ പ്ലാറ്റ്‌ഫോമുകള്‍ ബ്ലോക്ക് ചെയ്തത്. 2021-ലെ ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങള്‍ക്കും അശ്ലീലതയ്‌ക്കെതിരായ നിയമങ്ങള്‍ക്കും വിധേയമായി ഈ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്സസ് തടയാൻ ഇന്റർനെറ്റ് സേവന ദാതാക്കള്‍ക്ക് സർക്കാർ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഈ ആപ്പുകള്‍ അശ്ലീല ഉള്ളടക്കവും സദാചാര ലംഘനവും നടത്തിയെന്നാണ് കണ്ടെത്തല്‍. പൊതു മര്യാദ നിലനിർത്തുന്നതിനും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ ധാർമ്മികമായ രീതികള്‍ ഉറപ്പാക്കുന്നതിനുമാണ് ആപ്പുകള്‍ ബാൻ ചെയ്തതെന്ന് കേന്ദ്രം വ്യക്തമാക്കി