Latestകേരളം

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപത്തിന് നാളെ തുടക്കമാകും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ആറുവർഷത്തിലൊരിക്കല്‍ നടക്കുന്ന മുറജപത്തിന് നാളെ തുടക്കമാകും.56 ദിവസം നീണ്ടുനില്‍ക്കുന്ന മുറജപത്തിന്റെ ഭാഗമായി ക്ഷേത്രത്തിനു പുറത്ത് നാലു നടകള്‍ക്കു മുന്നിലും വേദമണ്ഡപങ്ങള്‍ ഒരുക്കും. ഇന്ന് വൈകിട്ട് 4.30ന് പുഷ്‌പാഞ്ജലി സ്വാമിയാർ ഒറവങ്കര അച്യുതഭാരതി കിഴക്കേനടയില്‍ വേദമണ്ഡപത്തിന് ഭദ്രദീപം തെളിക്കും. വേദങ്ങളെക്കുറിച്ച്‌ ഭക്തർക്ക് കൂടുതല്‍ അവബോധം സൃഷ്ടിക്കുകയാണ് വേദമണ്ഡപങ്ങളുടെ ലക്ഷ്യം. നാളെ വെളുപ്പിന് 4ന് വേദമന്ത്ര പാരായണത്തോടെയാണ് ജപം ആരംഭിക്കുന്നത്. ക്ഷേത്രത്തിനുള്ളില്‍ നാലുചുറ്റും പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് വേദജപം. ദിവസേന രാവിലെ ആറു മുതല്‍ എട്ടുവരെയും ഒൻപത് മുതല്‍ 11വരെയുമാണ് ജപം. വൈകിട്ട് 6.30മുതല്‍ ഏഴുവരെ പദ്മതീർത്ഥകുളത്തില്‍ ജലജപം നടക്കും.മുറജപവുമായി ബന്ധപ്പെട്ട് ദർശനസമയങ്ങളില്‍ മാറ്റമില്ല.

ഋക്,യജുർ,സാമ വേദങ്ങളുടെ ജപത്തിന് പുറമെ ഇക്കുറി അഥർവവേദവും ജപത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോമുറയും അവസാനിക്കുന്ന എട്ടാം ദിവസങ്ങളില്‍ രാത്രി 8.30ന് നടക്കുന്ന മുറശീവേലിക്ക് ക്ഷേത്രം സ്ഥാനി മൂലം തിരുനാള്‍ രാമവർമ്മ അകമ്ബടി സേവിക്കും. ശൃംഗേരി,ഉടുപ്പി,ഉത്രാദി,കാഞ്ചീപുരം മഠങ്ങളില്‍ നിന്നുള്ള സന്യാസിമാർക്കു പുറമെ ഹൈദരാബാദിലെ ചിന്നജീയർ സ്വാമിയും പങ്കെടുക്കുമെന്ന് ക്ഷേത്രം ഭരണസമിതി അംഗങ്ങള്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിലെ ആഴ്വാഞ്ചേരി തമ്ബ്രാക്കള്‍,തിരുനാവായ,തൃശൂർ വാധ്യാന്മാർ,കൈമുക്ക്,പന്തല്‍,കപ്ലിങ്ങാട്, ചെറുമുക്ക് വൈദികർ എന്നിവർ ജപത്തിനെത്തും. 12ദിവസത്തെ പ്രത്യേക കളഭാഭിഷേകം ഡിസംബർ 27 മുതല്‍ ജനുവരി 7വരെ നടത്തും. പതിവുള്ള മാർകഴി കളഭം ജനുവരി 8മുതല്‍ 14വരെ. ഉത്തരായന സംക്രാന്തിയും മകരശീവേലിയും ലക്ഷദീപവും ജനുവരി 14നാണ്. ഭരണസമിതി അംഗങ്ങളായ ആദിത്യവർമ്മ,കരമന ജയൻ,എ.വേലപ്പൻനായർ,എക്‌സിക്യൂട്ടീവ് ഓഫീസർ ബി.മഹേഷ് എന്നിവർ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.