തൃശൂര്‍, പാലക്കാട് ജില്ലകളില്‍ വീണ്ടും ഭൂചലനം
തൃശൂര്‍: തൃശൂരും പാലക്കാടും ഇന്നും ഭൂചലനം. ഇന്നലെ ഭൂചലനമുണ്ടായ തൃശൂര്‍, പാലക്കാട് മേഖലകളില്‍ ഇന്ന് നേരിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്നലെത്തേതിനേക്കാള്‍ തീവ്രത കുറവായതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്ന് സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് പാലക്കാടും തൃശൂരും ഭൂചലനം അനുഭവപ്പെട്ടത്. തൃശൂരില്‍ പുലര്‍ച്ചെ 3.55നാണ് ഭൂചലനം ഉണ്ടായത്. പാലക്കാട് നാലുമണിക്കും. തൃശൂരില്‍ കുന്നംകുളം, എരുമപ്പെട്ടി, വേലൂര്‍, വടക്കാഞ്ചേരി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. പാലക്കാട് ആനക്കര, തൃത്താല മേഖലകളിലാണ് ഭൂചലനം ഉണ്ടായത്. ഇന്നലെത്തേതിനേക്കാള്‍ തീവ്രത കുറവായതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മൈനിങ് ആന്റ് ജിയോളജി വകുപ്പ് അറിയിച്ചു.
ഇനിയും ഇത്തരത്തിലുള്ള തുടര്‍ചലനങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത ഉണ്ട്. എങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പുലര്‍ച്ചെയായത് കൊണ്ട് ആളുകള്‍ക്ക് ഭൂചലനമാണ് എന്ന് തിരിച്ചറിയാന്‍ സാധിച്ചു. ഇന്നലെ പകല്‍ ആണ് ഭൂചലനം അനുഭവപ്പെട്ടത്. അതുകൊണ്ട് എല്ലാവര്‍ക്കും ഇത് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. ഭൂമിക്കടിയില്‍ നിന്ന് മുഴക്കം കേട്ടതായി നാട്ടുകാര്‍ പറയുന്നു.