ലോക്ക്ഡൗൺ കാലത്ത് ജനിച്ചതിനാൽ മകൾക്ക് ലോക്കി എന്ന് പേരിട്ട് മാതാപിതാക്കൾ
വിചിത്രമായ പല പേരുകളും മാതാപിതാക്കൾ മക്കൾക്ക് നൽകാറുണ്ട്. അങ്ങനെ ഒരു പേരാണ് ഈ അമ്മയും മകൾക്ക് നൽകിയിരിക്കുന്നത്. മകളുടെ പേര് ലോക്കി. വെറുതെയല്ല അമ്മ മകൾക്ക് ഈ പേര് ഇട്ടത്. ലോക്ക്ഡൗൺ എന്നതിന്റെ ചുരുക്കമായാണ് അവർ മകൾക്ക് ഈ പേര് നൽകിയത്. അതിനുള്ള കാരണം മറ്റൊന്നുമല്ല, ലോക്ക്ഡൗൺ സമയത്താണ് ലോക്കി ജനിച്ചത്.
ജോഡി ക്രോസ് എന്ന 36 കാരി 2021 ലെ രണ്ടാം ലോക്ക്ഡൗൺ സമയത്താണ് ഗർഭിണിയായത്. ജോഡിയും ഭർത്താവ് 26-കാരനായ റോബും തങ്ങളുടെ മകൾക്ക് വ്യത്യസ്തമായ ഒരു പേര് നൽകാൻ തീരുമാനിച്ചു. ലോക്ക്ഡൗൺ സമയത്ത്, ദമ്പതികൾക്ക് ശമ്പളത്തോടെയുള്ള അവധി ലഭിച്ചു. ഇരുവർക്കും ഒരുമിച്ച് കൂടുതൽ സമയം ചെലവഴിക്കാനും കഴിഞ്ഞു. അതാണ് ഗർഭിണിയാകാനും ലോക്കിക്ക് ജന്മം നൽകാനും കാരണമായതെന്ന് ദമ്പതികൾ പറഞ്ഞു.
കോവിഡ് മഹാമാരി പിടിമുറുക്കിയെങ്കിലും ലോക്ക്ഡൗൺ തനിക്ക് നല്ല സമയമായിരുന്നെന്ന് ജോഡി പറഞ്ഞു. അതുകൊണ്ട് തന്നെ മകൾക്ക് ലോക്കി എന്ന പേര് നൽകാൻ അവർ രണ്ടാമതൊന്ന് ആലോചിച്ചില്ല. മകൾക്ക് ഇങ്ങനെ ഒരു പേരിട്ടതിൽ ഒരു തരിമ്പ് പോലും കുറ്റബോധവും ഇല്ലെന്നും അവർ പറഞ്ഞു.