ഫെബ്രുവരി 13ന് 1.11ന് സ്‌ഫോടനമുണ്ടാകും; പാര്‍ലമെന്റിന് ഖലിസ്ഥാൻ ആര്‍മിയുടെ ബോംബ് ഭീഷണി
പാർലമെന്റില്‍ ബോംബ് ഭീഷണി. ഖലിസ്ഥാൻ നാഷണല്‍ ആർമിയുടെ പേരിലാണ് ഭീഷണി സന്ദേശമെത്തിയത്. ഫെബ്രുവരി 13ന് ഉച്ചക്ക് 1.11 ന് സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി.അഫ്‌സല്‍ ഗുരുവിന്റെ ഓർമയ്ക്ക് വേണ്ടി ഡല്‍ഹി ഖലിസ്ഥാൻ ആകുമെന്നും സന്ദേശത്തില്‍ പറയുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ഡല്‍ഹി പോലീസിന് ഇമെയില്‍ വഴി ഭീഷണി സന്ദേശം ലഭിക്കുന്നത്.
പാർലമെന്റിന് പുറമെ ഡല്‍ഹിയിലെ 10 സ്‌കൂളുകളിലും ബോംബ് ഭീഷണി ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാവിലെ 8:30 നും 9:00 നും ഇടയിലാണ് ഭീഷണി ഇമെയിലുകള്‍ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. മുന്നറിയിപ്പിനെ തുടർന്ന് ഡല്‍ഹി പോലീസ്, അഗ്‌നിശമന സേന, ബോംബ് സ്‌ക്വാഡുകള്‍ എന്നിവ ഉടൻ തന്നെ ബാധിത സ്‌കൂളുകളിലേക്ക് പുറപ്പെട്ടു.
സൗത്ത് ഡല്‍ഹിയില്‍ മൂന്ന് സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചു. ലോധി റോഡിലെ എയർഫോഴ്സ് സ്‌കൂള്‍, കെആർ മംഗലം സ്‌കൂള്‍, സാദിഖ് നഗറിലെ ദി ഇന്ത്യൻ സ്‌കൂള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. കഴിഞ്ഞ മാസങ്ങളിലും സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയർത്തി വ്യാജ സന്ദേശങ്ങള്‍ എത്തിയിരുന്നു.
