Latestകേരളം

പത്തനംതിട്ട ഓട്ടോ അപകടം, മരണം രണ്ടായി

പത്തനംതിട്ടയില്‍ സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം രണ്ടായി.അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം കണ്ടെത്തി ആശുപത്രിയിലെത്തിച്ച യദു കൃഷ്‌ണൻ (4) ആണ് രണ്ടാമത് മരിച്ചത്. ആകെ ആറ് കുട്ടികളാണ് അപകട സമയത്ത് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. നേരത്തെ ശ്രീനാരായണ പബ്ളിക്‌ സ്‌കൂള്‍ വിദ്യാർത്ഥിനി ആദി ലക്ഷ്‌മി (8) അപകടത്തില്‍ മരിച്ചിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഒരുകുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

യദു കൃഷ്‌ണൻ ഓട്ടോ മറിഞ്ഞുള്ള അപകടത്തില്‍ പെടാതെ വീട്ടിലെത്തി എന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ കുട്ടി വീട്ടില്‍ എത്തിയിട്ടില്ല എന്ന് രക്ഷകർത്താക്കള്‍ അറിയിച്ചതോടെയാണ് സ്ഥലത്ത് വ്യാപക പരിശോധന ആരംഭിച്ചത്. മണിക്കൂറുകള്‍ക്ക് ശേഷം കണ്ടെത്തിയ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

പാമ്ബിനെ കണ്ട് വെട്ടിച്ചു മാറ്റിയതോടെയാണ് ഓട്ടോ അപകടത്തില്‍പ്പെട്ടത്. പത്തനംതിട്ട കരുമാൻതോട് തൂമ്ബാക്കുളത്താണ് അപകടം. കുട്ടികളെ ആദ്യം കോന്നി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു . കരുമാൻതോട് ശ്രീനാരായണ സ്കൂളിലെ കുട്ടികളാണ് അപകടത്തില്‍ പെട്ടത്.ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു. താഴ്ചയിലുള്ള തോട്ടിലേക്കാണ് ഓട്ടോ മറിഞ്ഞത്.