പാറ്റ്നയില്‍ വൃദ്ധനെ വെടിവച്ചുകൊന്നു; ജനക്കൂട്ടം ആക്രമികളെ തല്ലിക്കൊന്നു
ബിഹാറിലെ പാറ്റ്നയില്‍ വീടിന് പുറത്തിരിക്കുകയായിരുന്ന വൃദ്ധനെ വെടിവച്ച് കൊന്ന് ആക്രമികള്‍. സംഭവത്തിന് പിന്നാലെ അക്രമാസക്തരായ ജനക്കൂട്ടം ആക്രമികളായ രണ്ടുപേരെ മർദിച്ചു കൊന്നു.മികച്ച ഭരണം വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി നിതീഷ് കുമാർ വീണ്ടും അധികാരത്തില്‍ വന്നതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. ഗോപാല്‍പൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ദൊമ്മൻചക് ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പാറ്റ്ന പോലീസ് സൂപ്രണ്ട് (ഈസ്റ്റ്) പരിചയ് കുമാർ പറഞ്ഞു.
ദൊമ്മൻചക് ഗ്രാമത്തിലെ അഷർഫി റായി (80) എന്നയാളെയാണ് ബൈക്കിലെത്തിയ രണ്ടുപേർ വെടിവച്ചു കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ആക്രമികള്‍ സ്ഥലത്ത് നിന്നും രക്ഷപെട്ടു. എന്നാല്‍ പിന്തുടർന്നെത്തിയ ജനക്കൂട്ടം ഇരുവരെയും തല്ലിക്കൊന്നു.
വെടിയേറ്റ അഷർഫി റായിയെ പാറ്റ്ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണംസംഭവിച്ചു.
ആദ്യം കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഫൊറൻസിക് സംഘം നിർവീര്യമായ വെടിയുണ്ടകള്‍ കണ്ടെടുത്തു. രണ്ടാമത്തെ സ്ഥലത്ത് നിന്നും ഇഷ്ടികകള്‍, കല്ലുകള്‍, വടികള്‍ എന്നിവയും കണ്ടെടുത്തു. സമീപ പ്രദേശങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
ജനക്കൂട്ടത്തിന്റെ മർദനമേറ്റ് മരിച്ചവരെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് മൃതദേഹങ്ങളും പോസ്റ്റുമോർട്ടം ചെയ്യും
