Latestകേരളം

മെയ്‌ മാസം രണ്ടു ഗഡു ക്ഷേമ പെൻഷൻ വിതരണം ചെയ്യും; കുടിശികയുടെ ഒരു ഗഡു കൂടി അനുവദിച്ച് ധനകാര്യ വകുപ്പ്

തിരുവനന്തപുരം: സാമൂഹ്യ, ക്ഷേമ പെൻഷനുകളുടെ കുടിശികയിൽ ഒരു ഗഡുകൂടി അനുവദിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മെയ്‌ മാസത്തെ പെൻഷനൊപ്പം ഒരു ഗഡു കുടിശിക കൂടി നൽകാൻ നിർദേശിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അടുത്ത മാസം പകുതിക്കുശേഷം പെൻഷൻ വിതരണം തുടങ്ങാനാണ്‌ നിർദേശം. ഇതിനായി സർക്കാറിന് 1800 കോടി രൂപയോളം വേണ്ടിവരുമെന്നും ധനവകുപ്പ് പറയുന്നു. രണ്ട് ഗഡു പെൻഷൻ ഒരുമിച്ച് ലഭിക്കുന്നതോടെ ഒരോ ഗുണഭോക്താവിനും അടുത്ത മാസം 3200 രൂപ വീതം ലഭിക്കും.

നിലവിൽ മൂന്ന് ഗഡുക്കളാണ് കുടിശികയുള്ളത്. ഇതിലൊരു ഗഡു കൂടി മേയ് മാസത്തെ പെൻഷനൊപ്പം വിതരണം ചെയ്യാനാണ് ധനവകുപ്പ് തുക അനുവദിച്ചിരിക്കുന്നത്. ഇതിന് ശേഷം പെൻഷൻ കുടിശികയുടെ രണ്ട് ഗഡുക്കൾ കൂടി വിതരണം ചെയ്യാൻ ബാക്കിയുണ്ടാവും. 62 ലക്ഷത്തോളം പേർക്കാണ്‌ സംസ്ഥാനത്ത് ഇപ്പോൾ ക്ഷേമ പെൻഷൻ ലഭിക്കുന്നത്‌. ഏപ്രിൽ മാസത്തെ പെൻഷൻ വിഷുവിന്‌ മുന്നോടിയായി വിതരണം ചെയ്‌തിരുന്നു. മേയ് പകുതിക്ക് ശേഷമാവും അടുത്ത മാസത്തെ പെൻഷനും ഒരു ഗഡു കുടിശികയും ഗുണഭോക്താക്കളുടെ കൈകളിൽ എത്തുന്നത്.