Latestകേരളം

പെരിയ ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതിയടക്കം രണ്ട് പേര്‍ക്ക് പരോള്‍

പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയടക്കം രണ്ട് പേർക്ക് പരോള്‍. ഒന്നാം പ്രതി എ പീതാംബരൻ, ഏഴാം പ്രതി എ.അശ്വിൻ എന്നിവർക്കാണ് ഒരു മാസത്തേക്ക് പരോള്‍ നല്‍കിയത്. ബേക്കല്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ പ്രവേശിക്കാൻ പാടില്ലെന്ന വ്യവസ്ഥയോടെയാണ് പരോള്‍.

രണ്ടാം പ്രതിയായ സജി സി. ജോർജിന് കഴിഞ്ഞദിവസം പരോള്‍ അനുവദിച്ചിരുന്നു. നിലവില്‍ കണ്ണൂരിലെ ബന്ധുവീട്ടിലാണ് സജി. കേസിലെ മറ്റൊരു പ്രതിക്കും നേരത്തെ പരോള്‍ അനുവദിച്ചിരുന്നു.

അഞ്ചാം പ്രതി ഗിജിൻ ഗംഗാധരനും 15ാം പ്രതി ജിഷ്ണു സുരയും പരോളിനായി സർക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്.2019 ഫെബ്രുവരി 17നാണ് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനേയും സിപിഎം പ്രവർത്തകർ വെട്ടിക്കൊന്നത്.

രാത്രി ഏഴരയോടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി പ്രതികള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തും ശരത് ലാല്‍ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണപ്പെട്ടു. കൊല്ലപ്പെടുമ്പോള്‍ ശരതിന് ഇരുപത്തിമൂന്നും കൃപേഷിന് പത്തൊമ്പതുമായിരുന്നു പ്രായം.