ഇന്ന് ബലി പെരുന്നാള്‍
കോഴിക്കോട്: ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും സമർപ്പണത്തിന്‍റെയും സ്മരണയായി ഇസ്ലാം മതവിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. പ്രാർത്ഥനാ ചടങ്ങുകൾക്കൊപ്പം കുടുംബമൊന്നിച്ചുള്ള ആഘോഷദിനമാണ് വിശ്വാസികൾക്ക് പെരുന്നാൾ ദിനം. ഏവർക്കും ചക്കരക്കൽ വാർത്തയുടെ ബലിപെരുന്നാൾ ആശംസകൾ
ബലി പെരുന്നാൾ അറബിയിൽ ഈദുൽ അള്ഹ. ഈദ് എന്നാൽ ആഘോഷം. പങ്കിടലിൻറെയും സ്നേഹത്തിന്റെയും ആഘോഷ മാണ് ഓരോ പെരുന്നാളും വിശ്വാസികൾക്ക്. മൈലാഞ്ചിയണിഞ്ഞ കൈകളും, അത്തർ പൂശിയ പുത്തൻ വസ്ത്രങ്ങളുമണിഞ്ഞുള്ള ഈദ് നമസ്കാരമാണ് പെരുന്നാൾ ദിനത്തിൽ പ്രധാന പ്രാർത്ഥനാകർമ്മം.
പിന്നെ ഭക്ഷണമൊരുക്കലും എല്ലാവരും കൂടിയിരുന്ന് പങ്കിട്ട് കഴിക്കലും കളിചിരി തമാശ വർത്തമാനങ്ങളും പാട്ടുകളുമെല്ലാമായി പെരുന്നാളിന്‍റെ ആഘോഷപൊലിവിലേക്ക് ഓരോ കുടുംബവും കടക്കും. കുടുംബങ്ങളെ ഒന്നിപ്പിക്കുന്നു, പരസ്പരം സ്നേഹം പങ്കിടുന്നു ഇതെല്ലാം പെരുന്നാൾ ദിനത്തെ സവിശേഷമാക്കും.
പ്രവാചകനായ ഇബ്രാഹിം നബി വാത്സല്യ പുത്രൻ ഇസ്മാഈലിനെ ദൈവ കൽപന മാനിച്ച് ബലിയറുക്കാൻ സന്നദ്ധനായതിന്‍റെ ത്യാഗ സ്മരണ. ആ പരീക്ഷണത്തിൽ വിജയിച്ച പ്രവാചകൻ ഇബ്രാഹിമിനെ നാഥൻ ചേർത്ത് പിടിച്ചു. അചഞ്ചലമായ വിശ്വാസത്തിൻറെ ഓർമപ്പെടുത്തലാണ് ഓരോ ബലിപെരുന്നാൾ ദിനവും. ഭാഷ, വർണ, വർഗ വിവേചനങ്ങളില്ലാതെ അതിർത്തികൾ താണ്ടി മക്കയിൽ ഒരുമിച്ച വിശ്വാസികളുടെ ഹജ്ജിന്‍റെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാൾ.