ലൈഫ്‌ ഭവന പദ്ധതി ഗുണഭോക്താക്കൾക്ക് തൊഴിൽ നൽകാൻ പ്രത്യേക പദ്ധതിയുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം
നാലു ലക്ഷത്തോളം ലൈഫ്‌ ഭവന പദ്ധതി ഗുണഭോക്താക്കൾക്ക് തൊഴിൽ നൽകാൻ പ്രത്യേക പദ്ധതിയുമായി സംസ്ഥാന സർക്കാർ. കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് നൈപുണ്യ പരിശീലനം നൽകി തൊഴിൽ നൽകും. ഭവനരഹിതർക്ക് വീടൊരുക്കുകയും അവർക്ക് തൊഴിൽ നൽകുകയും ചെയ്യുന്നൊരു പദ്ധതി ലോകത്തുതന്നെ അത്യപൂർവമാണ്. ആദ്യഘട്ടത്തിൽ 18നും 59 വയസ്സിനും ഇടയിലുള്ള ഒരു അംഗത്തിനെങ്കിലും ജോലി നൽകും. 2026ന് മുമ്പ് പദ്ധതി പൂർത്തിയാക്കും. വിവിധ സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ, വ്യാപാര കേന്ദ്രങ്ങൾ, വർക്ക് ഫ്രം ഹോം, തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിക്കുന്ന വർക്ക് നിയർ ഹോം, ഫ്രീലാൻസ് ജോലികൾ, മറ്റ് സ്വകാര്യമേഖലകൾ എന്നിവിടങ്ങളിലാണ് തൊഴിൽ നൽകുക.

ആദ്യഘട്ടമായി പ്ലസ്ടുവോ അതിനു മുകളിലോ യോഗ്യതയുള്ള ഉദ്യോഗാർഥികളെ കണ്ടെത്തി കെ ഡിസ്കിന്റെ തൊഴിൽ രജിസ്ട്രേഷൻ പോർട്ടലായ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ (ഡിഡബ്ല്യുഎംഎസ്) രജിസ്റ്റർ ചെയ്യിപ്പിക്കും. കേരളത്തിലെ തൊഴിലന്വേഷകരെയും ലോകമെങ്ങുമുള്ള തൊഴിൽദാതാക്കളെയും ബന്ധിപ്പിക്കുന്ന പോർട്ടലാണ് ഡിഡബ്ല്യുഎംഎസ്. തൊഴിൽദാതാവിന്റെ ആവശ്യകതയും തൊഴിൽ സ്വഭാവവും മനസ്സിലാക്കിയുള്ള തൊഴിൽ പരിശീലനം ഉദ്യോഗാർഥികൾക്ക് നൽകും. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ബ്ലോക്ക്തലത്തിൽ ഗുണഭോക്താക്കളെ കണ്ടെത്തി വിദഗ്ധ തൊഴിൽപരിശീലനവും നൽകും.

ഇതിനായി നോളജ് ഇക്കോണമി മിഷൻ പ്രൊഫഷണലുകളെ നിയോഗിക്കും. തൊഴിൽമേളകളും സംഘടിപ്പിക്കും. തൊഴിൽ ഉറപ്പാക്കുന്നതിനൊപ്പം കൃത്യമായ ഫോളോ അപ് നടത്തി പിന്തുണയും സഹായവും ഉറപ്പാക്കും. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും ബ്ലോക്ക്തല കമ്മിറ്റികൾ, ജില്ലാതല നിർവഹണ കമ്മിറ്റികൾ, കോർ ഗ്രൂപ്പ് എന്നീ സമിതികൾ രൂപീകരിക്കും. പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർമുതൽ ലൈഫ് മിഷൻ സിഇഒ, നോളജ് ഇക്കോണമി മിഷൻ ഡയറക്ടർവരെ വിവിധ സമിതികളിൽ അംഗമായിരിക്കും.

ആകെ 3,82, 138 വീടുകളാണ് ലൈഫ് പദ്ധതിയിൽ ഇതുവരെ നിർമാണം പൂർത്തിയായത്. 4,97,854 വീടുകൾക്ക്‌ അനുമതി ലഭിച്ചു. ഇതിൽ 1,15,716 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്.