പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി . കേരളത്തിന്റെ മികവിനെ രാജ്യത്തെ മറ്റൊരു സംസ്ഥാനവുമായി താരതമ്യപ്പെടുത്താനാവില്ല. കേരളത്തെ യു പി ആക്കുമെന്നാണോ മോദി പറയുന്നത്? മോദിയുടെ വാദം പരിഹാസ്യമെന്നും മുഖ്യമന്ത്രി വിമർശിച്ചു

റബ്ബർ കർഷകരെ ദുരിതത്തിലാക്കിയത് കേന്ദ്രമാണ്. പല തവണ കർഷകരുടെ പ്രശ്നങ്ങൾ കേന്ദ്രത്തെ അറിയിച്ചു. നേരിട്ടത് കടുത്ത അവഗണന. ബിജെപിക്കും കോൺഗ്രസിനും ഒരേ സാമ്പത്തിക നയമാണ്. മോദി കേരളത്തിൽ വന്ന് ബിജെപിക്ക് അവസരം ചോദിക്കുന്നു. കേരളത്തിൽ നിന്ന് ഒരു ബിജെപി പ്രതിനിധി വേണം എന്നാണ് മോദിയുടെ ആഗ്രഹം. മോഹം ആർക്കും ആവാമല്ലോ. കേരളത്തിൽ ഒരു സീറ്റിലും ബിജെപി രണ്ടാം സ്ഥാനത്ത് പോലും ഉണ്ടാവില്ല. വെറുപ്പിൻ്റെ പ്രത്യശാസ്ത്രത്തെ കേരളം അംഗീകരിക്കില്ല. ബിജെപിയെ അംഗീകരിക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ലെന്ന് മോദിയെ അറിയിക്കുന്നു.

ആവാസ് പദ്ധതി വഴി വീടുകൾ നൽകുമെന്ന മോദിയുടെ പ്രഖ്യാനം തമാശ. ലൈഫ് മിഷൻ വീടുകൾക്കുള്ള തുകയെങ്കിലും കേന്ദ്രം കൃത്യമായി തരണം. കേന്ദ്രം തരുന്ന ഒന്നര ലക്ഷം രൂപ കൊണ്ട് എങ്ങനെയാണ് വീട് പണിയാനാവുക? ലൈഫ് മിഷൻ പദ്ധതി തുടങ്ങും മുമ്പ് മോദിയുമായി സംസാരിച്ചിരുന്നു. പദ്ധതി തുടങ്ങുന്ന കാര്യം അറിയിച്ചു, സഹായം അഭ്യർത്ഥിച്ചു. ഇപ്പോൾ കേന്ദ്രം പണം നൽകാൻ തയ്യാറല്ല. വീടുകൾ പണിയാൻ സഹായിക്കില്ല എന്നാണ് കേന്ദ്ര നിലപാട്. ലൈഫ് വീടുകൾ പാവങ്ങളുടേതാണ്. അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ തയ്യാറല്ല. അതുകൊണ്ടാണ് കേന്ദ്രം പറഞ്ഞ പരസ്യ പലകകൾ സ്ഥാപിക്കാതിരുന്നത്.