285 കോടി ചെലവിൽ 12 ഏക്കറിൽ പിണറായിയിൽ ഒരുങ്ങുന്ന വമ്പൻ പദ്ധതി; പുതുതലമുറ കോഴ്‌സുകൾ അടങ്ങുന്ന എജുക്കേഷൻ ഹബ്ബ്
കണ്ണൂര്‍: ധർമ്മടം നിയോജക മണ്ഡലത്തിലെ പിണറായി വില്ലേജിൽ, 12.93 ഏക്കർ സ്ഥലത്ത് 285 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന വിദ്യാഭ്യാസ സമുച്ചയമായ പിണറായി എജുക്കേഷൻ ഹബ്ബിന്‍റെ നിർമ്മാണോദ്ഘാടനം ഓഗസ്റ്റ് 23 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പിണറായി കൺവെൻഷൻ സെന്‍ററിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും.
പോളിടെക്‌നിക് കോളേജ്, ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, ഐ ടി ഐ, ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ട്, സിവിൽ സർവ്വീസ് അക്കാഡമി എന്നിവയാണ് ഈ വിദ്യാഭ്യാസ സമുച്ചയത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടാതെ അടിസ്ഥാന വികസന സൗകര്യങ്ങളായ അതിഥി മന്ദിരം, കാന്‍റീൻ, ഓഡിറ്റോറിയം, പൊതുകളിസ്ഥലം, ഹോസ്റ്റൽ എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.പദ്ധതി ഭൂമിയോട് ചേർന്ന് പിണറായി ഗ്രാമ പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്, 2000 പേർക്ക് ഇരിക്കാവുന്ന ഓപ്പൺ എയർ ഓഡിറ്റോറിയവും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നുണ്ട്. കിഫ്‌ബി ധനസഹായത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഏകോപനച്ചുമതല ഐ എച്ച് ആർ ഡിയും നിർമ്മാണ മേൽനോട്ടം കെ എസ് ഐ ടി ഐ എല്ലും നിർവ്വഹിക്കുന്നു